ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്. സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണവും തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യവും എന്താണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിബ്രുഗഡിലെ ശാന്തിപാര പ്രദേശത്തുള്ള പി.എൻ റോഡിന് സമീപം പതിവുപോലെ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയെ, വാഹനത്തിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവതിയെ കാണാതായതോടെ വീട്ടുകാർ ഉടനടി പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
മണിക്കൂറുകൾക്ക് ശേഷം തിൻസൂകിയ റെയിൽവേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന സംശയാസ്പദമായ ഒരു ചാക്ക് അവിടെയുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അസ്വാഭാവികത തോന്നിയതോടെ ഇയാൾ ഉടൻ തന്നെ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥരെത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്.
റെയിൽവേ പോലീസും പ്രാദേശിക പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ സുരക്ഷിതമായി പുറത്തെടുക്കുകയും വിദഗ്ദ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രതികളെ തിരിച്ചറിയുന്നതിനായി ദിബ്രുഗഡ് പോലീസ് വലിയ രീതിയിലുള്ള തിരച്ചിൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് ഉറപ്പുനൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും റെയിൽവേ സ്റ്റേഷനിലെയും മറ്റ് പ്രധാന സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നും ദിബ്രുഗഡ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് അഭിജിത് ദിലീപ് അറിയിച്ചു.

