എന്റെ ഫാൻ ആണെന്ന് വിജയ് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ‘ലിയോ’ വിശേഷങ്ങളുമായി ബാബു ആന്റണി
ചെന്നൈ:ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളി താരം ബാബു ആന്റണിയും സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ വിജയ്‌ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അദ്ദേഹം.’സാക്ഷാൽ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു.
ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറിൽ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകൾ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാൻ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ലിയോയിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.