FeaturedNationalNews

ബാബറി മസ്ജിദ് പൊളിയ്ക്കൽ,എല്ലാം പ്രതികളും കുറ്റവിമുക്തർ

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പള്ളി മാറ്റിയത് ആസൂത്രിതമല്ലെന്ന് വിധി.പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല.ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ.യാദവ് ആണ്‌ വിധി പ്രഖ്യാപിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്‍.കെ.അദ്വാനി,മുരളീ മനോഹര്‍ ജോഷി,ഉമാഭാരതി അടക്കമുള്ള പ്രതികള്‍ പള്ളി പൊളിയ്ക്കാനല്ല മറിച്ച് അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് ശ്രമിച്ചതെന്ന് വിധി ന്യായത്തില്‍ പറഞ്ഞു.കോടതിയില്‍ 26 പ്രതികളാണ് ഹാജരായത്.അദ്വാനി,മുരളി മനോഹര്‍ ജോഷി അടക്കമുള്ള പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി പ്രസ്താവത്തിന് ഹാജരായത്.2000 പേജുകളുള്ളതായിരുന്നു വിധി.പ്രതികളെയും അഭിഭാഷകരെയും മാത്രമാണ് കോടതിയ്ക്കുള്ളില്‍ അനുവദിച്ചത്.

28 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതി വിധിപറഞ്ഞത്‌. പള്ളി തകര്‍ത്ത് ഒരു വര്‍ഷത്തിനകം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 1997ല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി വിചാരണ തുടങ്ങാനിരിക്കെയാണ് സാങ്കേതിക പിഴവുകളുടെ പേരില്‍ കേസ് നിയമക്കുരുക്കിലാകുന്നത്. വിചാരണ വൈകിക്കാന്‍ യു.പി സര്‍ക്കാര്‍ ബോധപൂര്‍വം ഇടപെട്ടു. ഒടുവില്‍ പരമോന്നത കോടതിയുടെ ഇടപെടലാണ് കാല്‍നൂറ്റാണ്ടിന് ശേഷമെങ്കിലും വിചാരണ തുടങ്ങുന്നതിലേക്ക് നയിച്ചത്.

ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് ബാബ്‌റി മസ്ജിദ് കേസ്. ബാബ്‌റി പള്ളിയുടെ മിനാരങ്ങള്‍ നിലംപൊത്തിയപ്പോള്‍ അതിനൊപ്പം മണ്ണിലമര്‍ന്നത് ഇന്ത്യയുടെ മഹത്തായ മതേതതര പാരമ്പര്യം കൂടിയാണെന്ന് പറഞ്ഞവരില്‍ പരമോന്നത നീതിപീഠം വരെയുണ്ട്. പക്ഷെ, ആ മഹാപാതകത്തിന്റെ ഉത്തരവാദികളുടെ വിധി പറയാന്‍ മൂപ്പത് വര്‍ഷം കാത്തിരിക്കേണ്ടിവന്നു.

1992 ഡിസംബര്‍ 6, അന്നാണ് ബാബറി പള്ളി തകര്‍ക്കപ്പെട്ടത്. എല്ലാ കേസുകളും ലക്‌നൗ സി.ബി.ഐ കോടതിയിലേക്ക് മാറ്റി സര്‍ക്കാര്‍ യു.പി വിജ്ഞാപനമിറക്കിയതിന് പിന്നാലെ 1993 ഒക്ടോബറില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതികളാക്കി അനുബന്ധകുറ്റപത്രം സമര്‍പ്പിക്കുന്നത് 1996ല്‍. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച് കോടതി, ഗൂഢാലോചനാക്കുറ്റവും ചുമത്തി. എന്നാല്‍ കേസുകളെല്ലാം ലക്‌നൗ കോടതിയിലേക്ക് മാറ്റിയ വിജ്ഞാപത്തിലെ സാങ്കേതികവശം ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.

2001 ഫെബ്രുവരി 12ന് നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്ക് മാറ്റിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് ഹൈക്കോടതി വിധിച്ചു. സാങ്കേതിക പിഴവ് പരിഹരിച്ച് സര്‍ക്കാരിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് കോടതി പറഞ്ഞെങ്കിലും അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് ഗൂഢാലോചനക്കുറ്റം ഒഴിവാക്കി അഡ്വാനിക്കും കൂട്ടര്‍ക്കുമെതിരെ റായ്ബറേലി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ഗൂഢാലോചനക്കുറ്റം ഒഴിവായതോടെ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി 2003ല്‍ റായ്ബറേലി കോടതി പ്രതികളെ കുറ്റവിമകുക്തരാക്കി. 2010ല്‍ ഹൈക്കോടതിയും ഇത് ശരിവച്ചു. ഒടുവില്‍ 2017 ഏപ്രില്‍ 19ന് സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടവിച്ചു. അഡ്വാനിയുള്‍പ്പെടേ മുഴുവന്‍ പ്രതികളും ഗൂഢാലോചനക്കുറ്റത്തിനുള്‍പ്പെടേ ലക്‌നൗ പ്രത്യേക കോടതിയില്‍ വിചാരണ നേരിടണം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പിലാക്കപ്പെടണമെന്ന ആപ്തവാക്യം ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് ആര്‍.എഫ് നരിമാന്റെ വിധി. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ വാദത്തിന് ശേഷം വിധിയിലേക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker