യുഎസ് ക്യാപിറ്റോൾ ആക്രമണം; പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ
വാഷിംഗ്ടണ്‍2:020 യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രൗഡ് ബോയ്സ് മുന്‍ നേതാവിന് 22 വർഷം തടവ് ശിക്ഷ. ട്രംപിനെ അധികാരത്തിൽ നിലനിർത്താനായി ഗൂഢാലോചനയിൽ പങ്കെടുത്തതിനാണ് എൻറിക് ടാരിയോയ്ക്ക് ചൊവ്വാഴ്ച നീണ്ട തടവ് വിധിച്ചത്. പ്രോസിക്യൂട്ടർമാർ 33 വർഷം തടവ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി എതിർത്തു.
ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെയുള്ള ഏറ്റവും നീണ്ട ശിക്ഷയാണ് എൻറിക്കിന് വിധിച്ചത്. രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി, പ്രൗഡ് ബോയ്സ് അംഗമായ ഏഥാൻ നോർഡിയൻ, ഓത്ത് കീപ്പേഴ്സ് മിലിഷ്യയുടെ സ്ഥാപകൻ സ്റ്റുവർട്ട് റോഡ്സ് എന്നിവർക്ക് നേരത്തെ 18 വർഷത്തെ തടവ് വിധിച്ചിരുന്നു.
സമാധാനപരമായി അധികാരം കൈമാറുന്ന രാജ്യത്തിന്റെ പാരമ്പര്യമാണ് ക്യാപിറ്റോൾ ആക്രമണത്തിൽ തകർന്നതെന്ന് ജഡ്ജി പറഞ്ഞു
2021 ജനുവരി ആറിന് യുഎസ് കോൺഗ്രസിനെതിരായി നടന്ന ആക്രമണത്തിലും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനകളിലും യുഎസ് നീതിന്യായ വകുപ്പ് വിചാരണ ചെയ്തവരിൽ എൻറിക് ടാരിയോ പ്രധാന കുറ്റവാളിയായിരുന്നു. ഇയാളെയും മൂന്ന് ലെഫ്റ്റനന്റുമാരെയും രാജ്യദ്രോഹ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. വാഷിങ്ടണിലെ കോടതിയിൽ നടത്തിയ പരാമർശത്തിൽ, ജനുവരി 6 ലെ സംഭവങ്ങളിൽ താൻ ഖേദിക്കുന്നുവെന്നും ആക്രമണത്തെ ചെറുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എൻറിക് പറഞ്ഞിരുന്നു. ട്രംപ് ജോ ബൈഡനോട് തോറ്റുവെന്ന് ഇപ്പോൾ തനിക്ക് മനസിലാകുന്നുണ്ടെന്നും സ്വാതന്ത്ര്യത്തിനെതിരായ പ്രവർത്തനങ്ങൾക്ക് സ്വയം കുറ്റപ്പെടുത്തുന്നുവെന്നും എൻറിക് വ്യക്തമാക്കി. തന്നോട് ദയ കാട്ടണമെന്നും ശിക്ഷിക്കരുതെന്നും അയാൾ പ്രതി ആവശ്യപ്പെട്ടു.
സമാധാനപരമായി അധികാരം കൈമാറുന്ന രാജ്യത്തിന്റെ പാരമ്പര്യമാണ് ക്യാപിറ്റോൾ ആക്രമണത്തിൽ തകർന്നതെന്നും തിരിച്ചുകൊണ്ടുവരാൻ സമയവും വലിയ രീതിയിലുള്ള പരിശ്രമവും ആവശ്യമാണെന്നും ജഡ്ജി തിമോത്തി കെല്ലി അഭിപ്രായപ്പെട്ടു. ഇനി ഇത്തരത്തിലൊരു ആക്രമണം രാജ്യത്തുണ്ടാകാൻ പാടില്ലെന്നും, ശിക്ഷിക്കപ്പെട്ടതിൽ എൻറിക്കിന് പശ്ചാത്താപമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി പറഞ്ഞു.
ക്യാപിറ്റോൾ ആക്രമണത്തിന് മുൻപായി അറസ്റ്റ് ചെയ്ത് സ്ഥലം മാറ്റിയിട്ടും എൻറിക് കലാപത്തിന് പ്രേരണ ചെയ്തെന്നും സമൂഹമാധ്യമങ്ങളിൽ കലാപത്തെ പിന്തുണച്ച് പോസ്റ്റുകളിട്ടതായും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത് പ്രൗഡ് ബോയ്സ് അഭിഭാഷകൻ എതിർത്തു. ട്രംപിന് എതിരായ തുറുപ്പുചീട്ടായി എൻറിക്കിനെ ഉപയോഗിച്ചുവെന്നാണ് എൻറിക്കിന്റെ അഭിഭാഷകൻ അഭിപ്രായപ്പെട്ടത്.
ജോ ബൈഡന്റെ വിജയത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലൂടെ, ട്രംപ് അനുകൂലികൾ ലോകത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട സംഭവമായിരുന്നു ക്യാപിറ്റോൾ ആക്രമണ കേസ്. തീവ്ര വലതുപക്ഷ പാശ്ചാത്യ വംശീയവാദ ഗ്രൂപ്പാണ് പ്രൗഡ് ബോയ്സ്.