റാലിയിൽ എന്തും വിളിച്ചു പറയാമെന്നാണോ? ഉചിതമായ നടപടി വേണം: ഹൈക്കോടതി
കൊച്ചി∙ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുക്തമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. മുദ്രാവാക്യം വിളിച്ചവർക്കു മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട്, ബജ്റങ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നു പൊലീസിനു കർശന നിർദേശം നൽകിക്കൊണ്ട് റാലികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളിൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധ പ്രകടനത്തിനിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിലെ ഒന്നാം പ്രതി മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് ആണ് മുൻകൂർ ജാമ്യത്തിനായി ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
ആലപ്പുഴ സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുജീബ് ഒന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം രണ്ടാം പ്രതിയുമാണ്. കേസിൽ കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബിനായി പൊലീസ് തിരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി കോടതിയെ സമീപിച്ചത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം പള്ളുരുത്തി സ്വദേശിയെന്നു തിരിച്ചറിഞ്ഞതായി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസ് വീടിരിക്കുന്ന തങ്ങൾ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം.