KeralaNews

അനുഗ്രഹ പൊളിയാണ്‌; ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓടിക്കും

കണ്ണൂർ: ബസ് തൊഴിലാളികളുടെ അതിരൂക്ഷമായ ക്ഷാമം നേരിടുന്ന സ്വകാര്യബസ് മേഖലയെ രക്ഷിക്കാന്‍ ചുറുചുറുക്കുളള യുവതികളും ഇറങ്ങിയതോടെ സംഗതി കളറായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍നിന്നും കോഴിക്കോട്ടെക്ക് സര്‍വീസ് നടത്തുന്ന ഈ യുവ വനിതാ ഡ്രൈവര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും താരമാണ്. വടകര മേപ്പയൂര്‍ സ്വദേശിനി പിഎം അനുഗ്രഹയാണ് ആണുങ്ങള്‍ പോലും പോകാന്‍ ഒന്നുമടിക്കുന്ന തിക്കും തിരക്കും പിടിച്ച കണ്ണൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെഎല്‍ 13 എ ഡബ്‌ള്യൂ 5600 ലിമിറ്റഡ് സ്‌റ്റോപ്പ് ബസില്‍ സധൈര്യം സാരഥിയാവുന്നത്.

ഡ്രൈവറുടെ സീറ്റില്‍ ഒരു ചുളളത്തി കുട്ടിയിരിക്കുന്നത് യാത്രക്കാര്‍ക്കും കൗതുകമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി അനുഗ്രഹതന്നെയാണ് സാഗരയുടെ സാരഥി. കണ്ണൂരില്‍ നിന്നും രണ്ടു ട്രിപ്പുകളാണ് ഈ ബസിന് കോഴിക്കോട്ടെക്കുളളത്. രാവിലെ 6.10ന് കണ്ണൂരില്‍ നിന്നും കോഴിക്കോട്ടെക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15ന് കണ്ണൂരില്‍ തിരിച്ചെത്തും. തനിക്ക് ദീര്‍ഘദൂരബസ് ഓടിക്കുന്നത് പ്രശ്‌നമല്ലെന്നാണ് അനുഗ്രഹപറയുന്നത്.

അൺ ലിമിറ്റഡ് ആണ് അനുഗ്രഹയുടെ ഡ്രൈവിങ് ആഗ്രഹങ്ങൾ. ബൈക്കും കാറും മിനി ബസും ഓടിച്ച കൈയിൽ ഇപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസിന്റെ വളയമാണ്. തിരക്കുള്ള കണ്ണൂർ-കോഴിക്കോട് റൂട്ടിൽ അഞ്ചുദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂർ സ്വദേശിയായ അനുഗ്രഹ. ലോജിസ്റ്റിക്കിൽ മാസ്റ്റർ ബിരുദക്കാരിയായ അനുഗ്രഹയ്ക്ക്‌ പക്ഷേ, ഇഷ്ടം ഡ്രൈവിങ്. പേരാമ്പ്ര-വടകര ലോക്കൽ റൂട്ടിലെ നോവ ബസിൽനിന്ന് ദീർഘദൂര സർവീസ്‌ നടത്തുന്ന സാഗര ബസിന്റെ സാരഥിയാക്കിയതും ഈ ഇഷ്ടമാണ്. തിരക്കിലൂടെ തട്ടാതെ മുട്ടാതെ സമയത്തിന് ഓടിയെത്തുന്ന വനിതാ ഡ്രൈവർ ‘മാസാ’ണെന്ന് പുരുഷ ഡ്രൈവർമാരും സമ്മതിക്കുന്നു.

മേപ്പയ്യൂരിലെ മുരളീധരന്റെയും ചന്ദ്രികയുടെയും മകളാണ് സി.എം.അനുഗ്രഹ (24). അച്ഛൻ മുരളീധരന്റെ കൈപിടിച്ചാണ് ഡ്രൈവിങ്ങിനെ ബെസ്റ്റ് ഫ്രണ്ടാക്കിയത്. കുടുംബത്തിൽ അച്ഛനെക്കൂടാതെ മുത്തച്ഛനും അമ്മാവനും ഡ്രൈവർമാരായിരുന്നു. 18-ാം വയസ്സിൽ ഫോർവീലർ ലൈസൻസ് നേടി. കൊച്ചിയിലെ പഠനത്തിനിടയിലും വളയം വിട്ടില്ല. കഴിഞ്ഞ ജൂണിൽ ഹെവി ലൈസൻസ് ലഭിച്ചു. ജൂൺമാസം മുതൽ നോവ ബസിൽ ഈ മിടുക്കി ഡ്രൈവറായി.

വിദേശത്തുള്ള അച്ഛന്റെ സമ്മതം കൂടി ലഭിച്ചപ്പോൾ ദീർഘദൂര ഡ്രൈവിങ് വളയം കൈയിലെത്തി. സഹോദരി അഞ്ജലിയും പ്രോത്സാഹിപ്പിച്ചു. വളവിലും തിരിവിലും പതറാതെ സ്റ്റിയറിങ്‌ പിടിക്കാൻ പഠിപ്പിച്ച മുഹമ്മദും സാഗര ബസിലെ അഖിലും വഴികാട്ടികളായി.

കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് ബസിന് രണ്ട്‌ ട്രിപ്പുകളാണുള്ളത്. രാവിലെ ഏഴിന് വടകരയിൽനിന്ന് കയറും. രാത്രി ഏഴോടെ വീട്ടിലെത്തും. വിദേശത്ത് ജോലിയാണ് ലക്ഷ്യം. അവിടെയും വണ്ടി ഓടിക്കണം -അനുഗ്രഹ പറയുന്നു.

ജീവന്‍പണയം വെച്ചുളള പണിയാണെങ്കിലും തനിക്ക് അശേഷം ഭയമില്ലെന്നാണ് അനുഗ്രഹപറയുന്നത്. ഈ ചങ്കുറപ്പു കണ്ടിട്ടാണ് അരോളിയിലെ ഉണ്ണി അനുഗ്രഹയെ സാഗരയുടെ വളയം പിടിക്കാന്‍ ക്ഷണിച്ചത്. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് അനുഗ്രഹയുടെ പ്രയാണം. വനിതാ ഡ്രൈവറായതിനാല്‍ കളക്ഷന്‍ കുറവൊന്നുമില്ല. മാത്രമല്ല വനിതാ ഡ്രൈവറായതിനാല്‍ ഒരു സുരക്ഷിതത്വബോധവും യാത്രക്കാരുടെ മുഖത്തുണ്ട്.

അനുഗ്രഹയെപോലെയുളളവര്‍ ഈതൊഴില്‍ രംഗത്തേക്കു വരികയാണെങ്കില്‍ തൊഴിലാളികളെ കിട്ടാത്ത തങ്ങള്‍ക്ക്‌ ആശ്വാസകരമാകുമെന്നാണ് ബസ് ഉടമകള്‍പറയുന്നത്. അനുഗ്രഹയുടെ വിജയം ഇതിന് ഒരു തുടക്കമാകട്ടെയെന്നും ഇവര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷ, ടാക്‌സി മേഖലകളില്‍ ഡ്രൈവര്‍മാരായി ധാരാളം വനിതകള്‍ രംഗത്തുണ്ട്. ഇവര്‍ക്കൊക്കെ കൂടുതല്‍ പ്രചോദനമാവുകയാണ് അനുഗ്രഹയെന്ന യുവതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker