ഡിഗ്രി പഠിയ്ക്കാന്‍ ആളില്ല: ഒഴിഞ്ഞുകിടക്കുന്നത് ആയിരത്തോളം സീറ്റുകൾ

തിരുവനന്തപുരം: ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേർ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്‌പര്യം കാണിക്കാതെ വിദ്യാർഥികൾ. ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്‌മെന്റ് പൂർത്തിയായപ്പോൾ 153 കോളേജുകളിലായി ആയിരത്തോളം സീറ്റുകൾ ഒഴിവുണ്ട്. മുൻവർഷത്തെക്കാൾ ഗണ്യമായി അപേക്ഷകർ കുറവാണ്.

പ്രവേശനത്തിന് രണ്ടാഴ്ച കൂടി ശേഷിക്കേ സർക്കാർ-എയ്ഡഡ് കോളേജുകളിലെ പ്രശ്നം തീരുമെന്ന പ്രതീക്ഷയിലാണ് സർവകലാശാലകൾ. ശാസ്ത്രവിഷയങ്ങളോട് വിദ്യാർഥികൾ വൈമുഖ്യം കാണിക്കുന്നതാണ് മറ്റൊരു സ്ഥിതി.

കേരള സർവകലാശാലയിൽ ആയിരത്തോളം സീറ്റിലാണ് ഒഴിവുകൾ. എം.ജി.യിലെ ചില കോളേജുകളിൽ ബി.എസ്‌സി.ക്കു പത്തിൽ താഴെ സീറ്റിൽ മാത്രമേ വിദ്യാർഥികൾ ചേർന്നിട്ടുള്ളൂ. അതേസമയം, ബി.കോം., ബി.ബി.എ. തുടങ്ങിയ കോഴ്‌സുകളിലൊന്നും കാര്യമായ ഒഴിവില്ല.

ശാസ്ത്രവിഷയങ്ങളിലാണ് കൂടുതൽ ഒഴിവുകൾ. കെമിസ്ട്രി-198, ഫിസിക്സ്-194, കണക്ക്-157, ബോട്ടണി-120, സുവോളജി-114 എന്നിങ്ങനെയാണ് ഭൂരിപക്ഷം കോളേജുകളിലെയും ഒഴിവുകൾ. ചില കോളേജുകളിൽ ബി.എസ്‌സി. സൈക്കോളജി, ബി.എ. ഇംഗ്ലീഷ്, ഹോം സയൻസ് തുടങ്ങിയവ ഒഴിഞ്ഞുകിടക്കുന്നു.

മുഖ്യഘട്ട അലോട്‌മെന്റ് കഴിഞ്ഞപ്പോൾ സർക്കാർ, എയ്ഡഡ് കോളേജുകളിലെ 65 ശതമാനം സീറ്റിലേ വിദ്യാർഥികളായിട്ടുള്ളൂ. സ്വാശ്രയ കോളേജുകളിൽ 40,000 സീറ്റുകളിൽ 70 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News