നെതന്യാഹുവിനുനേരെ ഇസ്രയേലിൽ രോഷം കനക്കുന്നു;ഗാസയിലെ കൂട്ടക്കുരുതിയിൽ ലോകമെങ്ങും പ്രതിഷേധം
ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ഇസ്രയേലില്‍ വന്‍ പ്രതിഷേധം. മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതില്‍ നെതന്യാഹുവിനുനേരെ രോഷം കനക്കുകയാണ്.
ഇസ്രയേലിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്റലിജന്‍സ് വീഴ്ചയായാണ് ആക്രമണത്തെ കണക്കാക്കുന്നത്. യുദ്ധം ഒരുമാസത്തിലേക്ക് കടക്കവേ തെക്കന്‍ ഇസ്രയേലില്‍ പ്രതിസന്ധി രൂക്ഷമാണ്. ഹമാസ് നിരന്തരം റോക്കറ്റുകള്‍ തൊടുക്കുന്നതിനാല്‍ ഇവിടെനിന്ന് 2.5 ലക്ഷം ആളുകളാണ് പലായനംചെയ്തത്. ഹമാസ് പിടികൂടിയ 240 ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാണ്.
ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിര്‍ത്തില്ലെന്നാണ് നെതന്യാഹുഭരണകൂടത്തിന്റെ നിലപാട്. യുദ്ധം ഇസ്രയേലിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. കറന്‍സിയായ ഷെക്കീല്‍ രണ്ടാം ഇന്‍തിഫാദയ്ക്കുശേഷമുള്ള(പലസ്തീന്‍കാരുടെ ഇസ്രയേലിനുനേരെയുള്ള രണ്ടാം ഉയിര്‍പ്പുസമരം) ഏറ്റവുംവലിയ മൂല്യത്തകര്‍ച്ചയിലാണ്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ യു.എസിലും യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും വ്യാപകപ്രതിഷേധം. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്പിലെ പ്രധാന നഗരങ്ങളായ പാരീസ്, ബെര്‍ലിന്‍, ബുച്ചാറെസ്റ്റ്, മിലാന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പലസ്തീന്‍ പതാകയേന്തിയായിരുന്നു പ്രതിഷേധം. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി ചിലയിടങ്ങളില്‍ അക്രമാസക്തമായി. നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. 29 പേരെ അറസ്റ്റുചെയ്തു. റാലിക്കിടെ പടക്കം പൊട്ടിച്ചതിനാണിത്. സുരക്ഷശക്തമാക്കാന്‍ സര്‍ക്കാര്‍ 1300 പോലീസുകാരെ വിന്യസിച്ചു.
രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവ്മാനും അറിയിച്ചിരുന്നു. ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം യൂറോപ്പില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ട് സ്ത്രീകളെ ഭീകരവാദക്കുറ്റം ചുമത്തി ബ്രിട്ടീഷ് പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇസ്രയേലിന് പിന്തുണനല്‍കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. തുര്‍ക്കിയിലും പലസ്തീന്‍ അനുകൂല പ്രതിഷേധമുണ്ടായി. യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്റെ തുര്‍ക്കി സന്ദര്‍ശനത്തിനിടെയാണിത്.
ഹമാസുകാരെ ലക്ഷ്യംവെച്ച് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് കൂട്ടക്കൊലയാണെന്ന് അവിടത്തെ താമസക്കാര്‍.
”ഇവിടെയുണ്ടായിരുന്നവരെല്ലാം നിരപരാധികളും സമാധാനം ആഗ്രഹിക്കുന്നവരുമായിരുന്നു. ഞാന്‍ വെല്ലുവിളിക്കുന്നു, സായുധസംഘാംഗങ്ങളെ ആരെയും നിങ്ങള്‍ക്ക് ഇവിടെ കണ്ടെത്താനാകില്ല. ഇസ്രയേല്‍ യഥാര്‍ഥത്തില്‍ നടത്തുന്നത് കൂട്ടക്കുരുതിയാണ്.” -മഗാസി അഭയാര്‍ഥിക്യാമ്പിലെ താമസക്കാരനായ അറഫാത് അബു മഷയ പറഞ്ഞു.ഇവിടെ ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
ഹമാസിനെ ഉന്മൂലനംചെയ്യുംവരെ തുടരുമെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍ നടത്തുന്ന മാരക ആക്രമണമാണിത്. സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ഗാസയില്‍ താത്കാലിക ഇടവേള അനുവദിക്കണമെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നോട്ടുവെച്ച നിര്‍ദേശം നെതന്യാഹു അംഗീകരിച്ചിരുന്നില്ല.
വടക്കന്‍ ഗാസയില്‍നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതിന് ഹമാസ് തടസ്സംനില്‍ക്കുകയാണെന്നും ആരോപിച്ചു. ഗാസാസിറ്റി പൂര്‍ണമായും വളഞ്ഞെന്ന് ശനിയാഴ്ചയാണ് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചത്.വടക്കന്‍ ഗാസയില്‍ മൂന്നുലക്ഷംപേരാണ് അവശേഷിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും യു.എന്നിന്റെ അഭയാര്‍ഥിക്യാമ്പുകളിലാണ്.