ബന്ദിപ്പുരിൽ വേട്ടസംഘാംഗത്തെ വനപാലകർ വെടിവെച്ചുകൊന്നു

ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ മാൻവേട്ടക്കാരെന്ന് സംശയിക്കുന്ന സംഘത്തിനുനേരെ വനംവകുപ്പ് ജീവനക്കാർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീമനബിഡു സ്വദേശി മനു(27)വാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ കടുവസങ്കേതത്തിലെ മദ്ദൂർ റേഞ്ചിലാണ് സംഭവം.

പത്തോളംവരുന്ന സംഘത്തിനുനേരെയാണ് വനംവകുപ്പ് ജീവനക്കാർ വെടിയുതിർത്തത്. അർധരാത്രിയിൽ വനത്തിൽനിന്ന് വെടിയൊച്ച കേട്ടതിനെത്തുടർന്ന് വനപാലകരും വേട്ടവിരുദ്ധ ക്യാമ്പ് ജീവനക്കാരും പരിശോധന നടത്തുന്നതിനിടെ വേട്ടക്കാർ വെടിയുതിർത്തപ്പോൾ വനപാലകർ തിരിച്ചുനടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയായിരുന്നുവെന്ന് ബന്ദിപ്പുർ കടുവസങ്കേതം ഡയറക്ടർ രമേഷ് കുമാർ പറഞ്ഞു.

ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. ഹൊംഗള്ളിയിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവരാണ് സംഘമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്തുനിന്ന് തോക്കും മാനിന്റെ ശരീരഭാഗങ്ങളും കണ്ടെത്തി. സംഘത്തിലെ ബാക്കിയുള്ളവരെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News