അഹമ്മദാബാദ്: ബംഗ്ലാദേശിനെ 1999ലെ ഏകദിന ലോകകപ്പിൽ നയിച്ച അക്രം ഖാനെ ഓർമ്മയില്ല. നടപ്പിലും നിൽപ്പിലും നടൻ മോഹൻലാലിനോട് സാമ്യമുണ്ടെന്ന് പറഞ്ഞ ആരാധകർ ഏറെയാണ്. എന്നാൽ കേരളത്തിലെ സിനിമാ പ്രേമികളെ ഞെട്ടിക്കുന്ന ലുക്കുമായാണ് ഇത്തവണത്തെ ഐപിഎല്ലിൽ മുൻ ഇന്ത്യൻ താരമായ സ്പിന്നർ അമിത് മിശ്ര ലക്‌നൗ സൂപ്പർ ജയന്റ്‌സിനായി പന്തെറിയാൻ എത്തുക.
അമിത് മിശ്രയും മലയാളത്തിന്റെ സ്വന്തം മോഹൻലാലും തമ്മിൽ ഒറ്റ നോട്ടത്തിൽ നേരിയ സാമ്യം പോലും പറയാനില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ അങ്ങനെയല്ല പറയുന്നത്. കുറച്ചു ദിവസം മുൻപ് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ട്വിറ്ററിൽ അമിത് മിശ്രയുടെ പരിശീലന ചിത്രം പങ്കുവച്ചിരുന്നു. താടിയൊക്കെ വച്ചു പുതിയ ലുക്കിലെത്തിയ മിശ്രയെ കണ്ട് ക്രിക്കറ്റ് ആരാധകർ സർപ്രൈസായി. ചിത്രം കണ്ടപാടെ കേരളത്തിലെ സിനിമാ പ്രേമികൾ ഇത് ലാലേട്ടനല്ലേ എന്ന് സംശയം പ്രകടിപ്പിച്ചു.
താടി വച്ച അമിത് മിശ്രയുടെ ക്ലോസപ്പ് ചിത്രത്തിനൊപ്പം മോഹൻലാലിന്റെ ലൂസിഫർ എന്ന ചിത്രത്തിലെ ഗെറ്റപ്പും കൂട്ടിച്ചേർത്ത് സംഭവം വൈറലായി. ഏതായാലും തൊട്ടുപിന്നാലെ ലക്‌നൗവിന്റെ സമൂഹ മാധ്യമത്തിലെ കമന്റ് ബോക്‌സ് നിറയെ മോഹൻലാൽ ആരാധകരുടെ പ്രതികരണങ്ങൾ നിറഞ്ഞു. കമന്റ്‌ബോക്‌സിലെ ആരാധകപ്രവാഹം കണ്ട് ഒടുവിൽ ലക്‌നൗ തന്നെ മറുപടിയുമായെത്തി.
മോഹൻലാൽ ചിത്രത്തിന്റെ മാസ് പശ്ചാത്തല സംഗീതമൊക്കെ ചേർത്ത് അമിത് മിശ്രയുടെ തകർപ്പനൊരു വീഡിയോയാണ് ലക്‌നൗ ട്വിറ്ററിൽ പങ്കുവച്ചത്. മോഹൻലാലിലെ കൂടി മെൻഷൻ ചെയ്ത് പോസ്റ്റിലും മലയാളി ആരാധകരുടെ സ്‌നേഹ പ്രകടനം കാണാം. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലാൽ ഫാൻസ് കേരളത്തിൽ നിന്ന് ലക്‌നൗവിന് കൂടുതൽ ആരാധകരുണ്ടാകുമോ എന്നാണ് ടീമിന്റെ ആരാധകർ ഉറ്റുനോക്കുന്നത്.