ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. പ്രധാനമന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാൻ ഈ രാജ്യത്തിന് അവകാശമില്ലേയെന്ന് കേജ്‍രിവാൾ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നും കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.
‘‘സ്വന്തം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാൻ ഈ രാജ്യത്തിന് അവകാശമില്ലേ? തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി കോടതിയിൽ ശക്തിയുക്തം എതിർത്തു. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നവർക്കെല്ലാം പിഴ വിധിക്കുമോ? ഇവിടെ എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്’’– കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതി ഹർജിക്കാരനായ കേജ്‍രിവാളിന് പിഴശിക്ഷ വിധിച്ചത്. വിവരങ്ങൾ കേജ്‌രിവാളിനു കൈമാറാൻ 2016ൽ ഗുജറാത്ത് സർവകലാശാലയോടാണു വിവരാവകാശ കമ്മിഷൻ നിർദേശിച്ചത്.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബീരേൻ വൈഷ്‌ണവ് ഉത്തരവിൽ വ്യക്തമാക്കി. മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് ആവശ്യപ്പെട്ട കേജ്‍രിവാളിന്റെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്ത ഗുജറാത്ത് സർവകലാശാല, വിദ്യാർഥികളുടെ ബിരുദ വിവരങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും വാദിച്ചു.