KeralaNews

‘പൊലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ട്, ആരോടും പരാതിയില്ല’; പെണ്‍കുട്ടിയുടെ പിതാവ്

കൊച്ചി: മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുള്ളതായി സംശയിക്കുന്നുണ്ടെന്ന് പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തനിക്കും കുടുംബത്തിനും അത് കാണണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉടന്‍ പുറത്തുകൊണ്ടുവരണം. പ്രതിക്ക് മരണ ശിക്ഷ ലഭിച്ചാല്‍ മാത്രമേ കേരളത്തിനും സന്തോഷമാകുകയുളളൂ. തന്റെ മകള്‍ ഇപ്പോള്‍ കേരളത്തിന്റെ മകള്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലും സര്‍ക്കാരിലും പൂര്‍ണവിശ്വാസമുണ്ട്. ആരോടും തനിക്ക് പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയതിന് ശേഷം മാത്രമേ നാട്ടിലേക്ക് തിരികെ പോവുകയുള്ളൂ’- പിതാവ് പറഞ്ഞു.

കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. കഴിഞ്ഞ ദിവസം രാത്രി മന്ത്രി വീണ ജോര്‍ജ് കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ ആലുവയിലെ വീട്ടില്‍ എത്തിയിരുന്നു.

പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള ആശ്വാസനിധി ഉടന്‍ അനുവദിക്കുമെന്നും ബാക്കി കാര്യങ്ങള്‍ പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായനിധി അനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.

പ്രതിയ്ക്ക് പരമാവധി ശിക്ഷ ലഭിക്കത്തക്കവിധമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അതാണാവശ്യപ്പെട്ടത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അത്യന്തം ദു:ഖകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞിരുന്നു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker