ശാലിനിക്ക് മുമ്പ് അജിത്തിന്റെ കാമുകി; വിവാഹം വരെ എത്തി പിരിഞ്ഞു; അജിത്ത് കാരണം സിനിമ തന്നെ വിട്ട നടി
ചെന്നൈ:തമിഴകത്തിന്റെ സൂപ്പര്‍ താരമാണ് അജിത്ത്. തമിഴ് സിനിമയുടെ തല. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം എന്നും ആരാധകര്‍ക്കൊരു നിഗൂഢതയാണ്. പൊതുവേദികളിലോ അഭിമുഖങ്ങളിലോ എന്തിന് സ്വന്തം സിനിമയുടെ പ്രൊമോഷന് പോലും അജിത്ത് വരാറില്ല. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഓരോ അജിത്ത് സിനിമയും ഉത്സവം പോലെ ആരാധകര്‍ ആഘോഷിക്കും. മറ്റൊരു താരത്തിനും ഒരുപക്ഷെ അസാധ്യമാണ് അജിത്തിന്റെ ഈ ജീവിതം.
സിനിമകള്‍ പോലെ തന്നെ അജിത്തിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ വ്യക്തിജീവിതത്തെ അജിത്ത് സ്വകാര്യമായി വെക്കുന്നുണ്ടെങ്കിലും താരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അജിത്തിന്റെ പ്രണയവും എന്നും ചര്‍ച്ചയാകുന്ന ഒന്നാണ്. അജിത്തും ശാലിനിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
എന്നാല്‍ അജിത്ത് ശാലിനിയുമായി പ്രണയത്തിലാകുന്നതിനു മുമ്പ് മറ്റൊരു നടിയുമായി പ്രണയത്തിലായിരന്നു. ഒരു കാലത്തെ മുന്‍നിര നായികയായ ഹീര രാജ്‌ഗോപാലുമായുള്ള അജിത്തിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. ശാലിനിയുമായി അടുപ്പത്തിലാകും മുമ്പ് ഹീരയുമായി വളരെ സീരിയസായ പ്രണയത്തിലായിരുന്നു അജിത്ത്. കാതല്‍ കോട്ടൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ഹീരയും പ്രണയത്തിലാകുന്നത്.
ഇരുവരും സെറ്റില്‍ വച്ച് പരസ്പരം പ്രണയ ലേഖനങ്ങള്‍ കൈമാറുന്നത് പതിവായിരുന്നു. പിന്നീട് തൊടരും എന്ന ചിത്രത്തിലും ഹീരയും അജിത്തും ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ അജിത്തുമായുള്ള ബന്ധത്തിന് ഹീരമയുടെ അമ്മ എതിരായിരുന്നു. കരിയറിന്റെ തുടക്കത്തില്‍, ഇത്ര ചെറിയ പ്രായത്തില്‍ മകള്‍ പ്രണയത്തിലാകുന്നത് അമ്മയ്ക്ക് അംഗീകരിക്കാനായില്ല. അജിത്ത് ഹീരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഹീരയുടെ അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം കുറച്ച് കഴിഞ്ഞതോടെ ഹീരയും അജിത്തും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും പിരിയാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഹീരയുടെ സമീപനത്തിലുണ്ടായ മാറ്റമാണ് അജിത്ത് പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ കാരണം എന്നാണ്.
ഇതിന് ശേഷമാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാകുന്നത്. അപ്പോഴേക്കും ഹീര അഭിനയം തന്നെ ഉപേക്ഷിച്ചിരുന്നു. അജിത്തുമായുള്ള പ്രണയ തകര്‍ച്ചയും അജിത്ത് മറ്റൊരാളുമായി പ്രണയത്തിലായതുമൊക്കെയാണ് ഹീരയുടെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.
2000 ലായിരുന്നു അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. തെന്നിന്ത്യയാകെ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ശാലിനി. മലയാളത്തിലും നിരവധി ഐക്കോണിക് ഹിറ്റുകള്‍ സമ്മാനിച്ച നായിക. എന്നാല്‍ വിവാഹ ശേഷം ശാലിനി സിനിമ ഉപേക്ഷിച്ചു. ഇരുവര്‍ക്ക് രണ്ട് മക്കളുമുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ശാലിനിയും അജിത്തും. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകൡ ഇടം നേടാറുണ്ട്.
അതേസമയം തുനിവ് ആണ് അജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യര്‍ ആയിരുന്നു. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. മണി ഹീസ്റ്റുമായുള്ള സാമ്യതയടക്കം ചിത്രത്തിന് കനത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തു. വിടാ മുയര്‍ച്ചിയാണ് അജിത്തിന്റെ പുതിയ സിനിമ. അജിത്തിന്റെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.