മഞ്ജു വാര്യരല്ല,ലേഡി സൂപ്പര്‍ സ്റ്റാര്‍ ഈ നടിതന്നെ! മാലാ പാര്‍വ്വതി
കൊച്ചി:മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. മോഹന്‍ലാലിനോടൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അഭിനയവുമായി ഉര്‍വ്വശി കയ്യടി നേടിയ രംഗങ്ങള്‍ ഒരുപാടാണ്. കോമഡിയൊക്കെ ഉര്‍വ്വശിയോളം അനായാസത്തോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു നായിക നടിയുണ്ടാകില്ല. വൈകാരിക രംഗങ്ങളില്‍ കണ്ടിരിക്കുന്നവരെ കൂടെ കരയിപ്പിക്കാന്‍ ഉര്‍വ്വശിയ്ക്ക് സാധിക്കും.
ഹിറ്റുകള്‍ നിരവധിയുള്ള കരിയറാണ് ഉര്‍വ്വശിയുടേത്. ഒരുകാലത്ത് മലയാളത്തിലും തമിഴിലുമെല്ലാം ഓടി നടന്ന് അഭിനയിച്ചിരുന്ന താരമാണ് ഉര്‍വ്വശി. സൂപ്പര്‍ താരങ്ങളെന്നോ ചെറിയ നടന്മാരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കൊപ്പവും അഭിനയിച്ച് ഹിറ്റുകള്‍ സമ്മാനിച്ച താരം. എല്ലാ അര്‍ത്ഥത്തിലും മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു അന്ന് ഉര്‍വ്വശി.
ഒരിടവേളയ്ക്ക് ശേഷം ഉര്‍വ്വശി ഇപ്പോഴിതാ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമെല്ലാം ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ ഉര്‍വ്വശി തിരിച്ചു വരവില്‍ തന്നിട്ടുണ്ട്. ഇപ്പോഴിതാ ഉര്‍വ്വശിയെക്കുറിച്ചുള്ള നടി മാലാ പാര്‍വ്വതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്നെ സംബന്ധിച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ഉര്‍വ്വശി എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.
മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണ്? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മാലാ പാര്‍വ്വതി. തനിക്ക് മഞ്ജു വാര്യരെ ഇഷ്്ടമാണെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് സൂപ്പര്‍സ്റ്റാര്‍ എന്നാല്‍ ഉര്‍വ്വശി തന്നെയാണെന്നും മാലാ പാര്‍വ്വതി പറയുന്നു.
” തീര്‍ച്ചയായും ഉര്‍വ്വശി. എന്തൊരു നടിയാണ് അവര്‍. എനിക്ക് മഞ്ജുവിനെ ഇഷ്ടമാണ്. തീര്‍ച്ചയായും ഒരു താരമെന്ന നിലയില്‍ മഞ്ജു വാര്യര്‍ തന്നെയാണ്. പക്ഷെ ഉര്‍വ്വശി എന്റെ ഓള്‍ ടൈം ഫേവറീറ്റ് തന്നെയാണ്. ഓരോ പടങ്ങളും എടുത്തു നോക്കൂ. മിഥുനത്തില്‍ ആ മൂക്കൊക്കെ ചുവന്ന് വരുന്നത് എങ്ങനെയാണോ എന്തോ! ക്യാമറയുടെ മുന്നില്‍ കയറി നിന്നാലെ അവര്‍ എന്തുവാണെന്ന് നമുക്ക് അറിയൂ. അള്‍ട്ടിമേറ്റാണ്” എന്നാണ് മാലാ പാര്‍വ്വതി പറയുന്നത്.
ഒരിടവേളയ്ക്ക് സേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഉര്‍വ്വശി മലയാളത്തിലേക്ക് തിരിച്ചുവരവ്. സൂര്യയുടെ അമ്മയായി സൂരരൈ പൊട്ര് എന്ന ചിത്രത്തിലും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു ഉര്‍വ്വശി. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി മാറുകയായിരുന്നു. ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 ആണ് ഉര്‍വ്വശിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉള്ളൊഴുക്ക്, ഹെര്‍ എന്നീ സിനിമകളാണ് മലയാളത്തില്‍ അണിയറയിലുള്ളത്.
അപ്പത്ത എന്ന തമിഴ് ചിത്രത്തിലൂടെ ഈയ്യടുത്ത് ഒടിടിയിലും ഉര്‍വ്വശി ശ്രദ്ധ നേടിയിരുന്നു. നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഉര്‍വ്വശി അഭിനയിച്ചിട്ടുണ്ട്. അതേസമയം ആര്‍ഡിഎക്‌സ് ആണ് മാലാ പാര്‍വ്വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മാലാ പാര്‍വ്വതി. വെബ് സീരീസ് ലോകത്തും മാലാ പാര്‍വ്വതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ന്യു ജെന്‍ അമ്മ വേഷങ്ങളിലൂടെയാണ് മാലാ പാര്‍വ്വതി കയ്യടി നേടുന്നത്.