‘തന്റെ പേരില്‍ മറ്റൊരു സ്ത്രീയുടെ അശ്ലീല വീഡിയോ പ്രചരിക്കുന്നു’; വ്യാജ വീഡിയോക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യജ അശ്ലീല വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്ത്രീയുടെതാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും അറിയിച്ചു.
പരിചയമുള്ള ഒരാളാണ് ഈ വീഡിയോയെക്കുറിച്ചു എന്നെ അറിയിച്ചത്. ഫോട്ടോയും വീഡിയോയും എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫേസ്ബുക്കിലുള്ള എന്റെ രണ്ട് ഫോട്ടോയും വേറൊരു വീഡിയോയുമായിരുന്നു അതില്‍ ഉണ്ടായിരുന്നു. ഫോട്ടോയിലെ ആള്‍ എന്നെപ്പോലെ തന്നെയായിരുന്നു. വീഡിയോയിലെ സ്ത്രീയും അതുപോലെ തന്നെ. ഉടന്‍തന്നെ നാട്ടിലെ പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ സുരേഷ് പറഞ്ഞു.
ആലപ്പുഴ എസ്പി ഓഫീസില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. വിഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും പോലീസ് അറിയിച്ചതായി നടി പറയുന്നു. പക്ഷേ, ഈ വിഡിയോ എത്രത്തോളം പേര്‍ കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും.
ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലെ കുടുംബം. നമ്മുടേതല്ലാത്തൊരു വിഡിയോ സാമ്യം തോന്നിയതിന്റെ പേരില്‍ ഫോട്ടോസ് വച്ച് പ്രചരിക്കുന്നത് എന്ത് മനോവിഷമം ഉണ്ടാക്കുന്നതാണ്. സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നതെന്നും നടി പറയുന്നു.