EntertainmentKeralaNews

‘ ലുക്ക് ‘ പ്രധാനം, പക്ഷേ ഡ്രസിന്റെ നീളത്തിലല്ല സ്വഭാവം; സിനിമയിൽ ആണെന്നു കരുതി എന്തും പറയാമെന്നാണോ?തുറന്നടിച്ച്‌ നയന

കൊച്ചി:ജൂൺ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അഭിനേത്രിയാണു നയന എൽസ. മണിയറയിൽ അശോകൻ, ഉല്ലാസം തുടങ്ങിയ സിനിമകളിലും മലയാളികൾ കണ്ട് ഇഷ്ടപ്പെട്ട നടി.  ഓമനത്തവും നിഷ്കളങ്കതയും നിറഞ്ഞ മുഖമാണെന്നും ആ കുട്ടിത്തമാണ് നയനയെ കൂടുതൽ സുന്ദരിയാക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ എന്നും ‘ ക്യൂട്ട് കുട്ടി ‘ ലുക്കിൽ ഇരിക്കാൻ നയനയ്ക്കു താല്‍പ്പര്യമില്ല. അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ നയന പങ്കുവെച്ച ചിത്രങ്ങളെ നെഗറ്റീവ് കമന്റുകളിലൂടെയാണ് പലരും നേരിട്ടത്. പുതിയ ചിത്രമായ ‘ ഋ ‘ വിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് തനിക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെപ്പറ്റി നയന മനസ്സ് തുറന്നത്.


nayana-1

മോഡേൺ കഥാപാത്രങ്ങൾക്കായാലും നാടൻ കഥാപാത്രങ്ങൾക്കായാലും നമ്മുടെ ലുക്കും ഹെയർസ്റ്റൈലുമൊക്കെ കണ്ടാണ് ഒരു സിനിമയിലേക്കു വിളിക്കുന്നത്. എല്ലാ വേഷങ്ങളും അഭിനയിച്ചു കാണിക്കാൻ നമുക്കു പറ്റില്ല. അതുകൊണ്ടാണ് നമ്മൾ പല ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ ചെയ്യുന്നത്. അതു കണ്ടിട്ടാവാം ചിലപ്പോൾ ഒരു സിനിമയിൽ അവസരം കിട്ടുന്നത്. പല സിനിമകളിലും എനിക്ക് കുറച്ച് ബബ്ലി ലുക്കാണെന്നു പറഞ്ഞാണ് വേഷങ്ങൾ തരാതിരുന്നിട്ടുള്ളത്. അഭിനയിപ്പിച്ചു നോക്കുമ്പോൾ വേണ്ട രീതിയിൽ പെർഫോം ചെയ്യാത്തതു കൊണ്ടാണു വേഷം ലഭിക്കാത്തതെങ്കിൽ മനസ്സിലാക്കാം, ലുക്ക് മാത്രം നോക്കിയാണു പലപ്പോഴും ഒഴിവാക്കുന്നത്. ഈ കുട്ടിക്കു ചെയ്യാന്‍ പറ്റില്ലെന്നു ഒറ്റ നോട്ടത്തിൽ പറയും. ലുക്കിന്റെ പേരിൽ റിജക്ട് ചെയ്യപ്പെടുമ്പോൾ വിഷമം തോന്നാറുണ്ട്.

nayana-2

ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് വെയിറ്റ് കുറച്ചത്. അതിനു ശേഷമാണ് മെച്ച്വേഡ് , ബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയത്. ബോളിവുഡ് സ്റ്റൈലിലെ സാരിയും റിപ്‍ഡ് ജീൻസും അണിഞ്ഞ ഫോട്ടോഷൂട്ടാണ് ഈയടുത്തു ചെയ്തത്. പക്ഷേ, സിനിമയില്ലാത്തതുകൊണ്ട് തുണിയൂരിത്തുടങ്ങിയല്ലേ എന്നാണ് ആളുകള്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്തത്. ഇതൊന്നും ആരും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല. ഞാൻ എക്സ്പോസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ആയിക്കോട്ടെ, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഡ്രസിന്റെ നീളം അനുസരിച്ചാണോ ഒരു പെൺകുട്ടിയുടെ ക്യാരക്ടർ തീരുമാനിക്കുന്നത് ? 

ആളുകളുടെ മെന്റാലിറ്റി ഇനിയും മാറിയിട്ടില്ല. ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടികളെ മോശമായാണു കാണുന്നത്. അതേ സമയം ഒരു പുരുഷനായിരുന്നുവെങ്കിൽ അയാളെ ഹീറോ ആയി കണക്കാക്കുന്നു, പുള്ളി അടിപൊളിയാണ്, ഞാൻ വലിയ ഫാൻ ആണെന്നൊക്കെയാവും ആളുകൾ പറയുക. സിനിമയിൽ അഭിനയിക്കുന്ന പെൺകുട്ടിയാണെങ്കിൽ, കുട്ടി ശരിയല്ല എന്നുമാണു പലരും പറയാറ്. എന്തു കൊണ്ടാണ് പെൺകുട്ടികളെ മോശക്കാരായി കാണുന്നത്? കമന്റ് ബോക്സുകളിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ എന്തിനാണ് കമന്റ് ചെയ്യുന്നത്?

അതും സ്വന്തം പ്രൊഫൈലിൽ നിന്നുപോലുമല്ല കമന്റ് ചെയ്യുന്നത്. സ്വന്തമായി ഒരു കമന്റ് പറയാൻ ധൈര്യമില്ലാത്തവർ എന്തിനാണ് ഫേക്ക് പ്രൊഫൈലിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. ഇതിൽ നിന്നും എന്തു സന്തോഷമാണ് ഇവർക്കു ലഭിക്കുന്നത്? അഭിപ്രായങ്ങൾ പറയാം , പക്ഷേ വേദനിപ്പിക്കാതിരുന്നൂടെ? പലപ്പോഴും ഇൻസ്റ്റഗ്രാം ഒക്കെ നിർത്തി പോയാലോ എന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷേ നമുക്കു പിആർ വർക്കുകൾ ചെയ്യണമല്ലോ. 

nayana-3

കൊച്ചിയിൽ വളർന്നൊരാളാണ് ഞാൻ. അവിടെ ഷോർട് ഡ്രസുകൾ വളരെ കോമൺ ആണ്. അത്തരത്തിലുള്ള ഡ്രസ് ധരിച്ച് ഫോട്ടോ സോഷ്യൽ മീഡിയിയിൽ ഇട്ടാൽ എന്തിന് കമന്റ് സെക്ഷനിൽ വന്ന് ഇങ്ങനെ ടോർച്ചർ ചെയ്യുന്നു? നല്ല മൂഡിൽ ഇരിക്കുകയാണെങ്കിൽ ആഹ് പോട്ടെ എന്നു കരുതും, പക്ഷേ നമുക്കുമുണ്ട് പ്രശ്നങ്ങൾ. മൂവി വരുന്നില്ല. വീട്ടിലെ പ്രഷർ, നമ്മുടെ മറ്റ് കാര്യങ്ങൾ ഈ സമയത്തൊക്കെ ഇത്തരത്തിലെ കമന്റുകൾ മെന്റൽ ടോർച്ചർ ആണ്. സിനിമയിൽ ആണെന്നു കരുതി എന്തും പറയാമെന്നുള്ള മെന്റാലിറ്റി മോശമല്ലേ? ഷോർട്സ് ഇടുകയോ റിപ്ഡ് ജീൻസ് ഇടുകയോ ചെയ്തെന്നു കരുതി ഒരു മോശം പെൺകുട്ടി ആണെന്നല്ല അർഥം. ഇവർക്കെന്നെ അറിയില്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് എന്നെ ജഡ്ജ് ചെയ്യുന്നത്? 

ജൂൺ സിനിമ ചെയ്ത സമയത്ത് എനിക്കൊരു അടുത്ത വീട്ടിലെ കുട്ടി ഇമേജാണ് വേണ്ടിയിരുന്നത്. അതുകൊണ്ട് എവിടെപ്പോയാലും ചുരിദാറുകളാണ് ധരിച്ചിരുന്നത്. എന്നു കരുതി നമുക്ക് എപ്പോഴും ആ വേഷത്തിൽ നടക്കാൻ പറ്റില്ലല്ലോ. അങ്ങനെയെങ്കിൽ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ കഴിയില്ല. 

എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ട്. ഇല്ലെന്ന് എത്ര പറഞ്ഞാലും ഉണ്ട് എന്നതാണ് സത്യം. ഇപ്പോൾ പറഞ്ഞ ഈ പ്രശ്നങ്ങൾ ഞാൻ മാത്രമല്ല നേരിടുന്നത്. എന്നെപ്പോലെ സിനിമയിലേക്കു വന്ന പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker