KeralaNews

തൃശൂരിലെ നിക്ഷേപത്തട്ടിപ്പുകാരൻ പ്രവീൺ റാണയുടെ കൂട്ടാളി അറസ്റ്റിൽ; രേഖകൾ പിടിച്ചെടുത്തു

കൊച്ചി:തൃശൂരിലെ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയുടെ (കെ.പി. പ്രവീൺ-36) കൂട്ടാളി അറസ്റ്റിൽ. റാണയുടെ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ മേധാവി വെളുത്തൂർ സ്വദേശി സതീഷിനെ പാലാഴിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. റാണ രഹസ്യമായി നടത്തിയ നിക്ഷേപത്തിന്റെ രേഖകൾ ഇയാൾ താമസിച്ചിരുന്ന പാലാഴിയിലെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തു. റാണ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. കേസുമായി ബന്ധപ്പെട്ടു പൊലീസ് നടത്തുന്ന ആദ്യത്തെ അറസ്റ്റാണിത്.

പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കു കടത്തിയെന്നാണു സൂചന. അവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണു പൊലീസിനു ലഭിച്ച വിവരം. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം. കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

കൊച്ചി നഗരത്തിൽ എംജി റോഡിലെ ഹോട്ടൽ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂർ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീൺ ഒളിവിൽ തങ്ങിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു തൃശൂരിൽനിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോർന്നു പ്രവീൺ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങൾ അടക്കം 4 ആഡംബര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുണെയിൽ 4 ഡാൻസ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാൻസ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആൻഡ് സ്ട്രോങ് നിധി’യെന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂർ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്. ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പെട്ട ബാർ പ്രവീൺ നടത്തുന്നതാണ്.

തൃശൂർ, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീൺ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. റാണയുടെ ഹോട്ടൽ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസ് ചോദ്യം ചെയ്തു. ഇതേസമയത്തു തന്നെ മുകളിലെ ഫ്ലാറ്റിൽ റാണയുണ്ടായിരുന്നു എന്നാണു സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker