കോടികള്‍ കൂട്ടി താരപുത്രി; തെലുങ്കില്‍ അഭിനയിക്കാൻ ജാന്‍വി കപൂര്‍ പ്രതിഫലം ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്
മുംബൈ:നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മൂത്തമകളാണ് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ വിയോഗത്തിന് ശേഷമാണ് താരപുത്രിയുടെ ആദ്യ സിനിമ റിലീസിനെത്തുന്നത്. ശേഷം ബോളിവുഡിലെ അറിയപ്പെടുന്ന താരപുത്രിമാരില്‍ ഒരാളായി ജാന്‍വി മാറുകയും ചെയ്തിരുന്നു. അടുത്തിടെ പുതിയ സിനിമയുമായി നടി എത്തിയെങ്കിലും പ്രതീക്ഷിച്ചത് പോലെ ശോഭിക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ തെന്നിന്ത്യയിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ എത്തുകയാണ് ജാന്‍വിയിപ്പോള്‍. ജൂനിയര്‍ എന്‍ടിആറിനൊപ്പം തെലുങ്കിലൂടെയാണ് താരപുത്രിയുടെ തെന്നിന്ത്യയിലെ അരങ്ങേറ്റം. ഈ സിനിമയിലേക്ക് റെക്കോര്‍ഡ് തുക പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. അത്തരത്തില്‍ ജാന്‍വിയുടെ പ്രതിഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുകയാണ്.
ബോളിവുഡില്‍ നിന്നും തെലുങ്കിലേക്ക് അടുത്തിടെ വന്ന നായികമാരെല്ലാം കോടികള്‍ പ്രതിഫലം വാങ്ങിയിട്ടാണ് മടങ്ങി പോയത്. ആലിയ ഭട്ട്, മൃണാല്‍ താക്കൂര്‍ അടക്കം പല നടിമാരും പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം വലിയൊരു തുകയും സ്വന്തമാക്കിയിരുന്നു.
ഇതേ മാര്‍ഗത്തിലായിരിക്കും ജാന്‍വി കപൂറും എത്തുകയെന്നാണ് വിവരം. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന അദ്ദേഹത്തിന്റെ മുപ്പതാമത്തെ സിനിമയിലാണ് താരപുത്രിയും ഭാഗമാവുന്നത്.
സിനിമകള്‍ ഹിറ്റാവുന്നതിന് അനുസരിച്ച് നടിമാരും പ്രതിഫലം കൂട്ടാറുണ്ട്. സീതരാമത്തില്‍ നായികയായി വന്നതോടെ മൃണാള്‍ താക്കൂര്‍ ഒരു കോടി വാങ്ങിയിരുന്നു. അതുപോലെ പുഷ്പയുടെ വിജയത്തിന് ശേഷം രശ്മിക മന്ദാന പ്രതിഫലം അഞ്ച് കോടിയാക്കി ഉയര്‍ത്തി.
ഇവര്‍ക്ക് പിന്നാലെ വലിയൊരു തുക ആവശ്യപ്പെട്ട് കൊണ്ട് ജാന്‍വിയും എത്തിയിരിക്കുകയാണ്. മൃണാളിനെക്കാളും വലിയ പ്രതിഫലമാണ് ജാന്‍വി ആവശ്യപ്പെട്ടതെന്നും ആ തുക എത്രയാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നുമാണ് വിവരം.
എന്തായാലും ജാൻവിയുടെ പുത്തൻ സിനിമയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നിരന്തരം പരാജയ ചിത്രങ്ങളാണ് താരപുത്രിയ്ക്ക് ലഭിച്ചിരുന്നത്. അതിൽ നിന്നൊരു മാറ്റമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗുഡ് ലക്ക് ജെറി, മില്ലി എന്നിങ്ങനെ രണ്ട് സിനിമകളാണ് ജാന്‍വിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. രണ്ട് സിനിമകളിലെയും നടിയുടെ പ്രകടനം പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.
മില്ലിയിലെ അഭിനയത്തിനാണ് കൂടുതലാളുകളില്‍ നിന്നും ജാന്‍വിയെ അഭിനന്ദിച്ച് എത്തിയത്. അത് മുന്നോട്ടുള്ള കരിയറിനും വലിയ ഗുണമായെന്ന് പുതിയ റിപ്പോര്‍ട്ടുകൡ നിന്നും വ്യക്തമാവുന്നത്.
ഇനി ‘ബാവല്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ തുടങ്ങി രണ്ട് സിനിമകളാണ് ജാന്‍വിയുടേതായി വരാനിരിക്കുന്നത്. ഈ വര്‍ഷം റിലീസിനെത്താന്‍ പോവുന്ന ചിത്രങ്ങളും അതാണ്.
ഇടയ്ക്ക് നടി ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നില്‍ക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ശിഖര്‍ പഹാരിയയുമായി നടി ഇഷ്ടത്തിലായതിന്റെ കഥകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ഈ സമയത്ത് കരിയറിന് പ്രധാന്യം നല്‍കാനാണ് ആരാധകരടക്കം ജാന്‍വിയെ ഉപദേശിക്കുന്നത്. പല നടിമാര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന അബദ്ധമിതാണ്. കരിയറിന്റെ തുടക്കത്തില്‍ ഏതെങ്കിലും പ്രണയത്തിലാവും. അതിന് ശേഷം സിനിമകളിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടും. പിന്നെ വലിയൊരു പരാജയത്തിലേക്കാവും എത്തുകയെന്ന് ജാന്‍വിയോട് ആരാധകര്‍ പറയുന്നു.