മോഹന്‍ലാല്‍ നാണം കുണുങ്ങി, മിംഗിള്‍ ചെയ്യില്ല; കുട്ടിയായിരിക്കെ അമ്മ കൊണ്ടു വന്ന പ്രണവ് ചെയ്തത്
കൊച്ചി:മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിഭകളില്‍ ഒരാളാണ് പത്മരാജന്‍. മലയാള സിനിമയുളളിടത്തോളം കാലം ആ കാലത്തിന് മുന്നേ സഞ്ചരിച്ച പ്രതിഭയെ മറക്കില്ല. എഴുത്തുകാരനും സിനിമാക്കാരനുമൊക്കെയായി അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. പത്മരാജന്‍ ഒരുക്കിയ ക്ലാസിക്കുകളിലൊന്നാണ് തൂവാനത്തുമ്പികള്‍. മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഇപ്പോഴിതാ തൂവാനത്തുമ്പികളെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്ക മനസ് തുറക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ. രാധാലക്ഷ്മിയാണ് അദ്ദേഹത്തിന്റെ ഭാര്യ. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
കേരള വര്‍മ കോളേജില്‍ അശോകനും ലാലുവുമുള്ള സീനെടുക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ലാലുവിന്റെ അമ്മ ശാന്ത ചേച്ചിയൊക്കെ അവിടെയുണ്ട് അന്ന്. ഞങ്ങളൊന്നിച്ചാണ് ഇരുന്നത്. ഞാനും കുട്ടികളും നാട്ടിലേക്ക് പോവുന്ന സമയത്തായിരുന്നു. വളരെ കുറച്ച് സമയമേയുണ്ടായിരുന്നുള്ളൂ. ഞാനും കുട്ടികളും ഷൂട്ടിംഗ് കാണാനായി ചെല്ലുന്നത്. ലാല്‍ വരുമ്പോള്‍ കുട്ടികളൊക്കെ പുറകില്‍ കൂടി ഓടി വരുന്ന സീനാണ് എടുത്തത്.
നാണം കുണുങ്ങിയാണ് മോഹന്‍ലാല്‍. ആളുകളുമായി അങ്ങനെ മിംഗിള്‍ ചെയ്യുകയല്ല. പക്ഷെ അകത്ത് കഴിവ് ഇരിക്കുകയാണ്. പിന്നെയല്ലേ അത് പുറത്ത് വരുന്നത്. അന്നൊക്കെ വളരെ ചെറുപ്പമാണ്. ഇങ്ങനെയൊക്കെ ആയി തീരുമെന്ന് കരുതിയില്ല. അവര്‍ തമ്മില്‍ വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല റാപ്പോ ആണെന്ന് അദ്ദേഹം പറയുമായിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷം ലാലിന്റെ അമ്മ ശാന്ത ചേച്ചി ആഴ്ചയില്‍ ഒരു ദിവസമെങ്കിലും എന്നെ കാണാന്‍ വരുമായിരുന്നു. വെറുതെ വരില്ല, കുട്ടികള്‍ക്ക് കഴിക്കാനെന്തെങ്കിലും കൊണ്ടു വന്നിരിക്കും. ഒരിക്കല്‍ ചെറിയ കുട്ടിയായിരിക്കെ പ്രണവിനെ കൊണ്ടു വന്നത് ഓര്‍മ്മയുണ്ട്. പപ്പനന്ന് പത്തൊമ്പത് വയസാണ്. അവന് താടിയൊക്കെയുണ്ട്. പ്രണവ് പപ്പനെ കണ്ടതും ചാടി അവന്റെ കയ്യിലേക്ക് പോയി. അവന് ലാലുവിനെ പോലെ തോന്നിയിട്ടുണ്ടെന്നാണ് ശാന്ത ചേച്ചി പറഞ്ഞത്.
ശാന്ത ചേച്ചി ഒരുപാട് തവണ വന്നിട്ടുണ്ട്. ഒരിക്കല്‍ ഇവിടെ വന്നിട്ട് പോവുമ്പോഴാണ് സ്‌ട്രോക്ക് വരുന്നത്. എന്നോടും കുട്ടികളോടും വളരെ സ്‌നേഹവും അടുപ്പവുമാണെന്നും അവര്‍ പറയുന്നു. പത്മരാജനെക്കുറിച്ചും അവര്‍ സംസാരിക്കുന്നുണ്ട്. മരണ ശേഷമാണ് പത്മരാജന്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. ദൈവനിശ്ചയം എന്നെ പറയാനുള്ളൂ. അന്നത്തെ ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരുന്നത്. മുന്‍പേ പറന്ന പക്ഷി എന്നൊക്കെ പറയാം എന്നാണ് അദ്ദേഹത്തെക്കുറിച്ച് രാധാലക്ഷ്മി പറയുന്നത്.
വരും തലമുറയ്ക്ക് വേണ്ടി അദ്ദേഹം എഴുതുകയും സംസാരിക്കുകയുമൊക്കെ ചെയ്തത് പോലെ തോന്നിയിട്ടുണ്ട്. ഇത് ശരിയാവുമോ എന്ന ആശങ്കയോടെ അന്ന് പലരും മാറ്റിവെച്ച കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നേരത്തെക്കൂട്ടി പറഞ്ഞത് വെച്ച് പോയതാണ് എന്നാണെന്നിക്ക് തോന്നുന്നതെന്നും അവര്‍ പറയുന്നുണ്ട്.
അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് പുതിയ തലമുറ കൃത്യമായി മനസിലാക്കി. പഴയ തലമുറയ്ക്ക് അതിന് സാധിച്ചില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, പറയാന്‍ പാടില്ലെന്ന് കരുതിയ കാര്യങ്ങള്‍ പറയുമ്പോള്‍ അതെങ്ങനെ എടുക്കുമെന്നൊന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. രതിനിര്‍വേദം പോലെ ഒരു സിനിമ ചെയ്യുമ്പോള്‍ സമൂഹം അതെങ്ങനെ എടുക്കും എന്നോര്‍ത്ത് ഭയപ്പെട്ടിരുന്ന തലമുറയായിരുന്നു അന്നത്തേതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ റിയാലിറ്റിയിലാണ് അദ്ദേഹം വിശ്വസിച്ചത്. നമ്മള്‍ പുറത്ത് എന്തൊക്കെ ആയിരുന്നാലും അതൊന്നുമല്ലാത്ത കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. അതിന്റെ നേരെ ക്യാമറ ചലിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നും അവര്‍ പറയുന്നുണ്ട്. 1991 ജനുവരി 24 നായിരുന്നു പത്മരാജന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെടുന്നത്. ഞാന്‍ ഗന്ധർവ്വന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.