വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു,പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.’ പോസ്റ്റുമായി ആഷിക്ക് അബു
കൊച്ചി:വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ സംവിധായകൻ ആഷിക് അബു. ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ആഷിക്.
‘വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.’, എന്നാണ് ആഷിക്ക് അബു കുറിച്ചത്.
ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണമെന്നും തെറ്റു പറ്റിയെങ്കിൽ അത് പറയാൻ തയാറാകണമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു. സിനിമാ–സാമൂഹ്യരംഗത്തെ നിരവധി പ്രമുഖർ വിഷയത്തിൽ ജോസഫൈനിതിരെ രംഗത്തെത്തി.