റേഷന്‍ കടയില്‍ അരിക്ക് പകരം അറക്കപ്പൊടി

കണ്ണൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ റേഷന്‍ കടയില്‍ അരിക്ക് പകരം സൂക്ഷിച്ചത് അറക്കപ്പൊടി. 17 ചാക്ക് അറക്കപ്പൊടിയാണ് കണ്ടെത്തിയത്. അരിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചാക്കുകളില്‍ അറക്കപ്പൊടി നിറച്ച് സൂക്ഷിച്ചത്. 28 ക്വിന്റല്‍ അരി, 7 ക്വിന്റല്‍ ഗോതമ്പ് എന്നിവയുടെ കുറവാണ് കണ്ടെത്തിയത്.

ഈ മാസം 15ന് ഇരിട്ടി താലൂക്ക് സപ്ലൈ സംഘം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലൈസന്‍സ് ഉടമയായ എം കെ സന്ദീപിനെ സസ്പെന്‍ഡ് ചെയ്തു. പുതുതായി ചുമതലയേറ്റ മറ്റൊരു റേഷന്‍ ഷോപ്പ് ഉടമ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ അറക്കപ്പൊടിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍ ചാക്കുകളും പരിശോധിച്ചപ്പോഴാണ് 17 ചാക്കുകളില്‍ അറക്കപ്പൊടി കണ്ടെത്തിയത്.

കടയോട് ചേര്‍ന്നുള്ള ഗോഡൗണിലും ചാക്കില്‍ നിറച്ച നിലയില്‍ അറക്കപ്പൊടി കണ്ടെത്തി. കടയുടമയ്ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.