27.3 C
Kottayam
Tuesday, April 30, 2024

ആദ്യവിവാഹം പരാജയം,സന്തോഷുമായി പ്രണയം അവസാനിപ്പിച്ച് രണ്ടാം വിവാഹം നിശ്ചയിച്ചു;അരുംകൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

Must read

പാലക്കാട്: പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപം യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിന് കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി പ്രിവിയ(30)യെയാണ് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് തീകൊളുത്തി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഞായറാഴ്ച രാവിലെയാണ് കൊടുമുണ്ട തീരദേശറോഡില്‍ പ്രിവിയയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വയലിനോട് ചേര്‍ന്ന് റോഡരികിലായിരുന്നു മൃതദേഹം. സമീപത്തായി യുവതിയുടെ സ്‌കൂട്ടറും മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. സ്ഥലത്തെ പുല്ലും കത്തിക്കരിഞ്ഞ നിലയിലാണ്.

സംഭവം കൊലപാതകമാണെന്ന് പോലീസിന് തുടക്കത്തിലേ സംശയം തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ടത് പ്രിവിയയാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി.

ഈ അന്വേഷണത്തിലാണ് സന്തോഷാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. എന്നാല്‍, സംഭവത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇയാളും മരിച്ചു.

പ്രിവിയയും സന്തോഷും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ബന്ധത്തില്‍നിന്ന് പിന്മാറി പ്രിവിയ മറ്റൊരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലീസിന്റെ നിഗമനം. നേരത്തെ മറ്റൊരാളെ വിവാഹംചെയ്ത പ്രിവിയ പിന്നീട് ഈ ബന്ധം വേര്‍പ്പെടുത്തിയിരുന്നു.

ഇതിനുശേഷമാണ് സന്തോഷും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ യുവതി സന്തോഷുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ഏപ്രില്‍ 29-നാണ് പ്രിവിയയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെയായിരുന്നു അതിദാരുണമായ കൊലപാതകം. സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ പ്രതി, കുത്തിവീഴ്ത്തിയശേഷം കത്തിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week