31.1 C
Kottayam
Thursday, May 16, 2024

കാലഹരണപ്പെട്ടത് ഹസനെപ്പോലെയുള്ള നേതാക്കൾ: പിതൃനിന്ദ പരാമർശത്തിൽ അനിൽ ആന്റണി; ‘നന്ദകുമാറിനെ വെറുതേ വിടില്ല’

Must read

പത്തനംതിട്ട: താൻ പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കൂടിയായ അനിൽ ആന്റണി രംഗത്തെത്തി. കാലഹരണപ്പെട്ട നേതാവ് എന്നു പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും 80 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വർക്കിങ് പ്രസിഡന്റ് എന്നും അനിൽ പറഞ്ഞു. ഹസന്റേത് സംസ്കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനിൽ കൂട്ടിച്ചേർത്തു.

കോഴ ആരോപണത്തിൽ ടി.ജി. നന്ദകുമാറിനെതിരെയും അനിൽ രംഗത്തെത്തി. വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതേവിടാൻ പോകുന്നില്ലെന്ന് അനിൽ അറിയിച്ചു. നിയമപരമായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി. ‘‘കർമം പോലെ കാര്യങ്ങൾ വന്നോളും. പ്രകാശ് ജാവഡേക്കറെയും നന്ദകുമാർ കബളിപ്പിച്ചിട്ടുണ്ടാകും. ജാവഡേക്കറുമായി ഈ കാര്യം സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല. അഭിഭാഷകനാണെന്നു പറഞ്ഞു നടക്കുന്നയാളാണ് നന്ദകുമാർ. അയാൾക്ക് തീരെ വിശ്വാസ്യതയില്ല’’ – അനിൽ കൂട്ടിച്ചേർത്തു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തള്ളി നേരത്തെയും അനിൽ ആന്റണി രംഗത്തുവന്നിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോൾ ഒടുവിൽ ക്രിമിനൽ ആയ നന്ദകുമാറിനെ ഇറക്കി എന്നായിരുന്നു പ്രതികരണം. സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week