പരീക്ഷയെഴുതുന്നതിന് വീട്ടിൽനിന്നിറങ്ങിയ യുവതി തലയ്ക്ക് വെട്ടേറ്റ് വഴിയിൽ ചോര വാർന്ന നിലയിൽ

പാലാ:പരീക്ഷയെഴുതുന്നതിന് പുലർച്ചെ വീട്ടിൽനിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാർന്ന നിലയിൽ വഴിയിൽ കണ്ടെത്തി.
പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനാണ്(26) വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ഒരു പ്രതി പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽനിന്ന് 150 മീറ്റർ അകലെയായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. അക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് വഴിയിൽ കിടന്ന യുവതിയെ പുലർച്ചെ വ്യായാമത്തിനിറങ്ങിയവരാണ് കണ്ടത്. പാലാ പോലീസും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ഏറ്റുമാനൂർ സ്വദേശികളായ കുടുംബം അടുത്തിടെയാണ് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. സംഭവത്തിൽ ദുരൂഹതയുെണ്ടന്ന് പോലീസ് പറഞ്ഞു. പാലാ സി.ഐ. സുനിൽ തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരികയാണ്.