മരക്കഴുത, തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി എന്ത് കോപ്പാണ് ചെയ്‌തത്?വിശദീകരണവുമായി അനിൽ ആൻറണി

തിരുവനന്തപുരം: കെപിസിസി ഐടി സെല്ലിന് നേതൃത്വം നല്‍കുന്ന അനില്‍ കെ ആന്‍റണിക്കെതിരെ കഴിഞ്ഞ ദിവസമാണ് സൈബര്‍ കോണ്‍ഗ്രസ് എന്ന പേജില്‍ ചില പരാമര്‍ശങ്ങളോടെ പോസ്റ്റ് വന്നത്. അനില്‍ കെ ആന്റണിയുടെ ഐടി സെല്ലിലെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന പോസ്റ്റ് ചില മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ കെ ആന്‍റണി തന്‍റെ വിശദീകരണവുമായി രംഗത്ത് എത്തിയത്.

കേവലം ഒരു മാസം മുമ്പു മാത്രം സജ്ജമാക്കിയ കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും പാർട്ടിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോൺഗ്രസിന്‍റെ എതിരാളികൾ മിക്കപ്പോഴും പതറിപ്പോകുന്ന തരത്തിൽ സംഘം മുന്നേറ്റമുണ്ടാക്കിയെന്ന് പോസ്റ്റില്‍ അനില്‍ കെ ആന്‍റണി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ചില സൈബർ കോൺഗ്രസ് ഗ്രൂപ്പുകൾ എനിക്കെതിരായി ദുരുദ്ദേശപരമായി പ്രചരണം നടത്തുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു.കോൺഗ്രസ് സൈബർ ടീം എന്ന പേരിലുള്ള പേജ് ഫേസ് ബുക്കിലെ നിരവധി കോൺഗ്രസ് അനുകൂല സംഘങ്ങളിൽ ഒന്നു മാത്രമാണ്. ഒരു കാരണവശാലും കോൺഗ്രസിൻ്റെ ഔദ്യോഗിക പേജ് അല്ല. ഔദ്യോഗിക പേജുകളുമായി ഒരു ബന്ധവുമില്ല. പ്രസ്തുത പേജിൻ്റെ അഡ്മിനായ ശ്രീ. ടോണി ഏതാനും ആഴ്ച മുമ്പ് എന്നെ ബന്ധപ്പെടുകയും പേജിന് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് അഭ്യർത്ഥിക്കുകയുമുണ്ടായി. കെ.പി.സി.സി നേതൃത്വം ഈ വിഷയത്തിൽ ചില മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ എല്ലാവർക്കും അംഗീകാരം നൽകുക പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഡസനിലധി കമെങ്കിലും വിവിധ ഫേസ്ബുക് പേജുകൾ പരസ്പരം ചളി വാരിയെറി യാതെയും, നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താതെയും ഒന്നും പ്രതീക്ഷിക്കാതെ ഇതേ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പാർട്ടി നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം അനൗദ്യോഗിക പേജുകളിലെ പോസ്റ്റുകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച് മുന്നോട്ടു വരുന്നതിൽ വലിയ നിരാശയുണ്ട്‌.
കേവലം ഒരു മാസം മുമ്പു മാത്രം സജ്ജമാക്കിയ കോൺഗ്രസ് വാർ റൂമും അനുബന്ധ ഔദ്യോഗിക ഹാൻഡിലുകളും പാർട്ടിക്കുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കോൺഗ്രസിന്‍റെ എതിരാളികൾ മിക്കപ്പോഴും പതറിപ്പോകുന്ന തരത്തിൽ സംഘം മുന്നേറ്റമുണ്ടാക്കി. അസാമാന്യ മികവു പ്രകടിപ്പിച്ച എന്‍റെ സംഘാംഗങ്ങളെയും, ആയിരക്കണക്കിനു നിസ്വാർത്ഥരായ പ്രവർത്തകരെയും ഈയവസരത്തിൽ നന്ദി പറയുകയും അഭിനന്ദിക്കുകയുമാണ്‌.