26.2 C
Kottayam
Thursday, April 25, 2024

കോഴിക്കോട് മലപ്പുറം അതിര്‍ത്തിയിലെ കോനൂര്‍കണ്ടിയില്‍ കാട്ടാനയിറങ്ങി; മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു

Must read

കോഴിക്കോട് – മലപ്പുറം അതിര്‍ത്തിയായ കോനൂര്‍കണ്ടിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. മൂന്ന് വാഹനങ്ങള്‍ ആന തകര്‍ത്തു. ആനയെ തുരത്തുന്നതിനിടെ വനപാലകന് വീണ് പരിക്കേറ്റു. ആറ് മണിക്കൂറിന് ശേഷത്തെ പ്രയത്നത്തിനൊടുവിലാണ് ആന കാട് കയറിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് കോനൂര്‍കണ്ടിയില്‍ ആനയിറങ്ങിയത്.

ഒരു ബൈക്കും ഓട്ടോറിക്ഷയും മറ്റൊരു വാഹനവുമാണ് ആന തകര്‍ത്തത്. നരിക്കുഴി സണ്ണി എന്നയാളുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോറിക്ഷ. ലോകകപ്പ് ഫുട്ബോള്‍ കണ്ട് ബൈക്കില്‍ മടങ്ങുകയായിരുന്നവര്‍ക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ഫുട്ബോള്‍ ആരാധകരായ യുവാക്കളുടെ ബൈക്കിന് ബൈക്കിന് കേട് പറ്റി. ഒരു കോഴി വണ്ടിക്ക് നേരേയും ആന ആക്രമണം നടത്തി.

ആനയെ ഓടിക്കാന്‍ കൊടമ്പുഴയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്.  ആനയെ ഓടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ വീണ് വനപാലകന്‍ മനോജ് കുമാറിന്‍റെ കാലിന് പരിക്കേറ്റു.  ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കോനൂര്‍കണ്ടിയില്‍ ഇതിന് മുന്‍പും കാട്ടാന ഇറങ്ങിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഇവിടെ ഒരു കര്‍ഷകന് ജീവന്‍ നഷ്ടമായിരുന്നു. ആന ശല്യത്തിനെതിരെ നാട്ടുകാര്‍ ഇവിടെ നിരവധി തവണ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അനധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ശനിയാഴ്ച വയനാട് തൃശിലേരി മുത്തുമാരിയില്‍  കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് ചവിട്ടി മറിച്ചിട്ടിരുന്നു. മുത്തുമാരി പറത്തോട്ടിയില്‍ മോന്‍സിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകക്ക് താമസിക്കുന്ന ചെല്ലിമറ്റം ഷിനോജിന്റെ ഭാര്യ സോഫിക്കും കുഞ്ഞിനും മുകളിലേക്കായിരുന്നു തെങ്ങ് മറിഞ്ഞ് വീണതിന് പിന്നാലെ വീട് ഇടിഞ്ഞ് വീണത്. മുത്തുമാരിയില്‍ മിക്കസമയത്തും കടുത്ത വന്യമൃഗശല്യമുള്ള പ്രദേശമാണ്. രാപകല്‍ ഭേദമന്യേ വീട്ടുമുറ്റത്തെത്തുന്ന കാട്ടാനക്കൂട്ടത്തെ ഭയന്നാണ് തിരുനെല്ലിയില്‍ കര്‍ഷകര്‍ ദിവസം തള്ളിനീക്കുന്നത്. വേനല്‍ തുടങ്ങിയതോടെ ചക്കയും മാങ്ങയും തേടിയാണ് ആനകള്‍ കാടിറങ്ങുന്നത്. നേരം ഇരുട്ടിയാല്‍ തോട്ടങ്ങളിലേക്കെത്തുന്ന ആനക്കൂട്ടം അവിടെ തങ്ങി രാവിലെ മാത്രമാണ് കാട്ടിലേക്ക് മടങ്ങിപ്പോവാറ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week