33.4 C
Kottayam
Saturday, May 4, 2024

എയിംസിലെ സെർവർ ഹാക്കിംഗ്: സെർവറിൽ പ്രധാനമന്ത്രിയടക്കം വിവിഐപികളടക്കം വിവരങ്ങൾ

Must read

ന്യൂഡൽഹി: എയിംസ് സെര്‍വര്‍ ഹാക്കിംഗില്‍ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. റോയും അന്വേഷണം നടത്തിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സെര്‍വറുകള്‍ പുനസ്ഥാപിക്കാന്‍ ഇനിയും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം .

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുടെ സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയാകുമ്പോൾ ആണ് ദേശീയ ഏജൻസികൾ ഇതേക്കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്.  സെർവർ ഹാക്ക് ചെയ്യപ്പെട്ടതോടെ നാല് കോടിയോളം വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയടക്കം വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ എയിംസിലുണ്ട്. വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

സെര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും സംഭവത്തിന്‍റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷമം ഏല്‍പിക്കുകയായിരുന്നു. 

ആ ദിശയില്‍ എന്‍ഐഎ പ്രാഥമികാന്വേഷണം തുടങ്ങി കഴിഞ്ഞു. റോ കൂടി അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. സംഭവം കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കി.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റററും, ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമും അന്വേഷണം നടത്തുന്നുണ്ട്. ഹാക്ക് ചെയ്യപ്പെട്ടതിനാല്‍ പകുതിയിലേറെ വിവരങ്ങള്‍ നഷ്ടപ്പെടാമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടെന്ന പ്രചാരണം ദില്ലി പോലീസ് തള്ളി. സര്‍വറുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് വരികയാണെന്നാണ് എയിംസ് അധികൃതരുടെ പ്രതികരണം. നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ന്നോയെന്നതില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കുന്നില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week