31.1 C
Kottayam
Saturday, May 18, 2024

‘ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു,കഴുത്ത് ഞെരിച്ചശേഷം വലിച്ചെറിഞ്ഞു; കൊലപാതകത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി യുവതി

Must read

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം നടത്തി. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി നല്‍കി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

പീഡനത്തിന് ഇരയായെന്ന യുവതിയുടെ കഴിഞ്ഞദിവസത്തെ മൊഴിയുടെ അടിസ്ഥാനത്തില്‍, അവര്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നര്‍ത്തകനായ യുവാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതിയുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും പിന്നീട് നടന്ന സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെനാണ് യുവാവിന്റെ മൊഴി. യുവതി പ്രാഥമികമായി നല്‍കിയ വിവരങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതിനാല്‍ യുവാവിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിലേക്ക് പോലീസ് കടന്നിട്ടില്ല.

കൊലപാതകത്തെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ യുവതി പോലീസിനോട് തുറന്നുപറഞ്ഞു. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. പരിഭ്രാന്തയായതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ശബ്ദം പുറത്തേക്ക് വരാതിരിക്കാനായി വായില്‍ തുണിതിരുകി. കൈയില്‍ക്കിട്ടിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുട്ടിയെ പുറത്തേക്ക് എറിയുകയായിരുന്നു. ഇതെല്ലാം ആ സമയത്തെ പരിഭ്രാന്തിയില്‍ സംഭവിച്ചതാണെന്നാണ് മൊഴി.

കൊലപാതകത്തില്‍ വീട്ടുകാര്‍ക്ക് പങ്കില്ലെന്നും താന്‍ ഗര്‍ഭിണിയായിരുന്നത് അവര്‍ക്ക് അറിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാരും സമാനമൊഴിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ പോലീസിന് ചില സംശയങ്ങളുണ്ട്. യുവതിയുടെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. അറസ്റ്റുരേഖപ്പെടുത്തിയ യുവതി നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണുള്ളത്.

അതേസമയം, കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീ രംഗത്തെത്തി. യുവതി കിടക്കയില്‍നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്നും കട്ടിലില്‍ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും വീട്ടുജോലിക്കാരിയായിരുന്ന ശ്രീജ പറഞ്ഞു.

യുവതിയുടെ വീട്ടുകാര്‍ ആരോടും സംസാരിക്കാത്ത പ്രകൃതക്കാരാണ്. ഒമ്പതുവര്‍ഷം ആ വീട്ടില്‍ ജോലിചെയ്തിരുന്ന തന്നെ രണ്ടുമാസം മുമ്പ് പറഞ്ഞുവിട്ടു. ഒരുമാസത്തെ ശമ്പളം തരാനുണ്ട്. പെണ്‍കുട്ടി ബെംഗളൂരുവില്‍നിന്ന് തിരിച്ചുവന്നതിന് പിന്നാലെയാണ് പിരിച്ചുവിട്ടത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീജ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week