CrimeKeralaNews

രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം:ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച ശേഷം ഭാര്യ അഞ്ചു വയസുകാരനായ മകനെയും എടുത്ത് വീട്ടുവളപ്പിലെ കിണറ്റിൽ ചാടി മരിച്ചു. കൊടുവഴന്നൂർ പന്തുവിള സുബിൻ ഭവനിൽ ബിന്ദു (40), രെജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിന്റെ ഭർത്താവ് രജിലാൽ (40) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്തമകൻ സുബിൻ കുമാറിനെ (15) കൂടി കിണറ്റിൽ എറിയാൻ ബിന്ദു ശ്രമിച്ചെങ്കിലും സുബിൻ കുതറിയോടി രക്ഷപ്പെട്ടു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് സംഭവം.

കൊടുവഴന്നൂർ പന്തുവിളയിൽ ഞായറാഴ്ച രാത്രി 10.45നായിരുന്നു നാടിനെ നടുക്കിയ സംഭവം. ബിന്ദുവും രജിലാലും എട്ടുവർഷമായി പന്തുവിളയിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. കരടവിള, ഇരമം സ്വദേശിയുടെ ഭാര്യയായിരുന്ന ബിന്ദു രജിലാലുമായി അടുപ്പത്തിലാകുകയും ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ആ ബന്ധത്തിലുണ്ടായ മൂത്ത മകനുമായി രജിലാലിനൊപ്പം ഇറങ്ങിപോകുകയുമായിരുന്നു. രജിലാലും നേരത്തേ വിവാഹിതനാണ്. രജിലാ​ലിൻ്റെ മുൻ ഭാര്യ ഗർഭിണിയായിരിക്കെ ആത്മഹത്യചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് അന്ന് പൊലീസ് കേസും എടുത്തിരുന്നു.

ഒരുമിച്ച് താമസിച്ചിരുന്ന ബിന്ദുവും രജിലാലും തമ്മിൽ തർക്കം പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ബിന്ദു ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടുമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസും നടന്നുവരികയായിരുന്നു.

രജിലാലിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ആരോപിച്ച് ബിന്ദു രജിലാലുമായി വഴക്കിടുക പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവദിവസത്തിന് തൊട്ടുതലേദിവസവും ഇവർ തമ്മിൽ വഴക്കുണ്ടാകുകയും പ്രശ്നത്തിൽ പഞ്ചായത്തം അം​ഗം ടി.വി. ബീന ഇടപെടുകയും ന​ഗരൂർ പൊലീസിൽ പരാതി നൽകാൻ ബിന്ദുവിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രിയോടെ വഴക്കാരംഭിച്ചതോടെ ബിന്ദു കൈയിൽ കരുതിയിരുന്ന ആസിഡ് രജിലാലിന്റെ മുഖത്ത് ഒഴിച്ചു. ഇളയകുട്ടിയെ ഒക്കത്തെടുത്ത് മൂത്ത കൂട്ടിയെ കൂടി പിടിച്ച് വലിച്ച് കിണറ്റിൻ കരയിലേക്ക് എത്തുകയായിരുന്നു.

കിണറ്റിൽ തള്ളാനുള്ള നീക്കം മൂത്ത കുട്ടി ചെറുക്കുകയും കുതറിമാറുകയും ചെയ്തു. തുടർന്ന് ബിന്ദു ഇളയകുട്ടിയുമായി ആഴമേറിയ കിണറ്റിൽ ചാടുകയായിരുന്നു.

വിവരമറി‍ഞ്ഞ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സ് സംഘം എത്തുകയും ഇരുവരെയും കരയ്ക്കെടുക്കുകയും ചെയ്തു. കരയ്ക്ക് എത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ന​ഗരൂർ പൊലീസ് ചിറിയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകിട്ടോടെ പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മ‍ൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂത്ത മകൻ സുബിൻകുമാറിന്റെ സംരക്ഷണ ചുമതല ബിന്ദുവിന്റെ ആദ്യഭർത്താവ് ഏറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker