ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധം; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും
ലക്‌നൗ: ഇന്ധനവില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം.
”എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയില്‍ പോകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം വാഹനങ്ങള്‍ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവര്‍ അത് മറന്നു. നമ്മുടെ പൂര്‍വ്വികര്‍ കാളവണ്ടികളില്‍ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയില്‍ മതിയെന്ന് ഞാന്‍ കരുതി.” വരന്‍ ഛോട്ടെ ലാല്‍ പറഞ്ഞു.
ഛോട്ടെ ലാല്‍ പാലും ബന്ധുക്കളും 35 കിലോമീറ്റര്‍ അകലെയുള്ള പക്രി ബസാറിലെ വിവാഹ വേദിയില്‍ എത്താനാണ് കാളവണ്ടി തെരഞ്ഞെടുത്തത്. കാളവണ്ടിയില്‍ ഘോഷയാത്ര നടത്തുന്നത് മലിനീകരണം കുറക്കുമെന്നുമാത്രമല്ല, ചെലവ് കുറക്കാനും സഹായിക്കുമെന്നും വരന്റെ ബന്ധു പറഞ്ഞു.
ഇന്ധനവില വര്‍ധിക്കുന്നത് കണക്കിലെടുത്തും, മലിനീകരണം തടയുന്നതിനും, പാരമ്പര്യവും ആചാരവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തിയത്.