KeralaNews

വയനാട് ദുരന്തം: 310 ഹെക്ടറിൽ കൃഷിനാശം,വനഭൂമിയും ചളിയിൽ പുതഞ്ഞുപോയി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ പൊതിഞ്ഞുപോയെന്നാണ് പുറത്തുവരുന്ന കണക്ക്. 50 ഹെക്ടർ ഏലം, 100 ഹെക്ടർ കാപ്പി, 70 ഹെക്ടർ കുരുമുളക്, 55 ഹെക്ടർ തേയില, തെങ്ങും, കവുങ്ങും വാഴയും പത്ത് ഏക്കർ വീതം-  കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് തന്നെ ഞെട്ടിക്കുന്നതാണ്.

ഇതു കൂടാതെയുമുണ്ട് നാശനഷ്ടങ്ങൾ. 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകളും അനുബന്ധ നഷ്ടവും അമ്പരപ്പിക്കുന്നതാണ്. അതേസമയം, കൃഷി വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. 5 ഹെക്റ്ററിൽ അധികം വനഭൂമി ഉരുൾ പൊട്ടലിൽ നശിച്ച എന്നാണ് വനം വകുപ്പ് കണക്ക്. പശ്ചിമ ഘട്ടത്തിന്റെ വൈവിധ്യ കലവറയാണ് ഇവിടം.

ചൂരൽമലയോട് ചേർന്നുള്ള 309 ഭാഗവും ഇല്ലാതെയായി. അപൂർവ സസ്യജാലങ്ങൾ ധാരാളം ഉള്ള മേഖലയായിരുന്ന ഈ പ്രദേശം കഴിഞ്ഞ 10 വർഷത്തിനിടെ 7 പുതിയ സസ്യ ജാലങ്ങളെ കണ്ടെത്തിയ സ്ഥലം കൂടിയാണിത്. 2021ലെ പക്ഷി സർവേയിൽ166 ഇനം പക്ഷികളെ അടയാളപ്പെടുത്തിയിരുന്നു. മനുഷ്യരുടെ പുനരധിവാസം പോലെ ഇവരെ സംരക്ഷിക്കുന്നതും വെല്ലുവിളിയാകും.

വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. 

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker