InternationalNews

ലെബനനിൽ വീണ്ടും സ്ഫോടനം;ഇത്തവണ പൊട്ടിത്തെറിച്ചത് വാക്കിടോക്കികൾ, 3 പേർ കൊല്ലപ്പെട്ടു,നിരവധിപേർക്ക് പരിക്ക്

ബയ്‌റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍.

അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സ്ഫോടനമെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചത്തെ സ്‌ഫോടനത്തില്‍ മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവർക്കും പരിക്ക്. ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാർ, ഹസ്സൻ ഫദ്‍ലള്ള എന്നിവരുടെ ആൺമക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുൾപ്പെട്ടിട്ടുണ്ടെന്നാണ്‌ വിവരം. ലെബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. അവർക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker