27.8 C
Kottayam
Saturday, May 25, 2024

വിജയ് ഹസാരെ ട്രോഫി; ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വമ്പൻ തോല്‍വി

Must read

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. 76 റണ്‍സിന്‍റെ വിജയമാണ് ആന്ധ്ര നേടിയത്. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്‍റെ പോരാട്ടം 183 റണ്‍സിലൊതുങ്ങി. മൂന്ന് വീതം വിക്കറ്റുമായി അയ്യപ്പ ബന്ധാരുവും നിതീഷ് കുമാര്‍ റെഡിയും രണ്ട് പേരെ പുറത്താക്കി ഹരിശങ്കര്‍ റെഡിയും ഒരു വിക്കറ്റുമായി വിഹാരിയുമാണ് കേരളത്തെ എറിഞ്ഞിട്ടത്. 

മറുപടി ബാറ്റിംഗില്‍ രാഹുല്‍ പി ഒന്നിനും രോഹന്‍ കുന്നുമ്മല്‍ ഏഴിനും പുറത്തായതോടെ കേരളം നടുങ്ങി. വത്സാല്‍ ആറിനും വിഷ്‌ണു വിനോദ് അഞ്ചിനും പുറത്തായതോടെ നാല് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 7.2 ഓവറില്‍ 26 റണ്‍സ് മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്.

പിന്നീട് 35 റണ്‍സെടുത്ത നായകന്‍ സച്ചിന്‍ ബേബിയും 41 നേടിയ അക്ഷയ് ചന്ദ്രനും 31 റണ്‍സുമായി സിജോമോന്‍ ജോസഫും 23 നേടിയ അബ്ദുല്‍ ഭാസിത് പി എയും 17 നേടിയ അഖില്‍ സ്കറിയയും മാത്രമാണ് കേരളത്തിനായി പൊരുതിയത്. 44.1 ഓവറില്‍ അവസാനക്കാരനായി ബേസില്‍ എന്‍ പി പുറത്താകുമ്പോള്‍ 183 റണ്‍സേ കേരളത്തിനുണ്ടായിരുന്നുള്ളൂ. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര അഭിഷേക് റെഡി(31), അക്‌ഷയ് ഹെബാര്‍(26), കെ എസ് ഭരത്(24), റിക്കി ബുയീ(46), കരണ്‍ ഷിണ്ഡെ(28), നിതീഷ് കുമാര്‍ റെഡി(31) എന്നിവരുടെ പ്രകടനത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 259 റണ്‍സെടുക്കുകയായിരുന്നു.

ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ അഞ്ചാം മത്സരമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. പിന്നാലെ അരുണാചല്‍ പ്രദേശ്, ഗോവ, ഛത്തീസ്ഗഡ് എന്നീ ടീമുകളെ തോല്‍പ്പിക്കാന്‍ കേരളത്തിനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week