വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു; നിശ്ചയം ഫെബ്രുവരിയില്‍?
ഹൈദരാബാദ്: തെലുങ്കു താരങ്ങളായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതല്‍ ഈ ഗോസിപ്പ് കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
വിജയും രശ്മികയും തമ്മിലുള്ള വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരമുണ്ടാകുമെന്ന് ന്യൂസ് 18 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇരുവരും ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. വിവാഹ നിശ്ചയം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഗീതാ ഗോവിന്ദം കൂടാതെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നേരത്തെയും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഇരുവരും അതു നിഷേധിക്കുകയായിരുന്നു.
‘താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’.എന്നാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ വിജയ് പറഞ്ഞത്. വിവാഹം കഴിക്കുന്ന സമയത്ത് എല്ലാവരോടും പറയുമെന്ന് വിജയ് പറഞ്ഞിരുന്നു.
സാമന്തയുമായി ഒരുമിച്ച ഖുശിയാണ് വിജയിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രം വന്‍വിജയം നേടിയിരുന്നു. ലൈഗറിന്‍റെ പരാജയത്തിനു ശേഷം താരത്തിന് കിട്ടിയ ഹിറ്റായിരുന്നു ഖുശി. ഫാമിലി സ്റ്റാര്‍, വിഡി 12 എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.അനിമലാണ് രശ്മികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റെയിന്‍ബോ, ദ ഗേള്‍ഫ്രണ്ട്, ചാവ എന്നിവയാണ് രശ്മികയുടെ പുതിയ ചിത്രങ്ങള്‍.