FeaturedHome-bannerKeralaNews

മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്.

കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ഏറെ വിമർശനം ഉയർന്ന കോലീബി പരീക്ഷണമടക്കം കേരളത്തിൽ നടപ്പാക്കുന്നതിൽ പിപി മുകുന്ദന്റെ ഇടപെടൽ വലുതായിരുന്നു.

പാർട്ടിയിലടക്കം അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന ആളായിരുന്നു. കേരളത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായും പിന്നീട് ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായ അദ്ദേഹം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ കൃഷ്ണന്‍ നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതല്‍ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിന്‍റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതല്‍ 2007-വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു.

2005 മുതല്‍ 2007-വരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ല്‍ ബിജെപിയില്‍ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു.

ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും. ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു അദ്ദേഹം. മികച്ച സംഘാടനെന്ന നിലയിൽ അടിയന്തിരാവസ്ഥക്കാലത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. ഇകെ നായനാരും കെ കരുണാകരനും ഇടത് വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ കേരളത്തിലെ ശക്തമായ മുഖമായിരുന്നു

അദ്ദേഹം. ബേപ്പൂരിലും വടകരയിലും കോലീബി പരീക്ഷണങ്ങളടക്കം നടത്തി കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമം അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker