KeralaNews

വന്ദേഭാരത് സിൽവർലൈനിനു ബദലാകില്ലെന്ന് ശ്രീധരൻ; സർക്കാർ വാദം പിന്തുണച്ച് മെട്രോമാൻ

കൊച്ചി :ബജറ്റിൽ രാജ്യത്തു 400 വന്ദേഭാരത് ട്രെയിനുകൾ കൂടി നിർമിക്കുമെന്നു പ്രഖ്യാപിച്ചതോടെ സിൽവർലൈൻ പദ്ധതിക്കു ബദലായി വന്ദേഭാരത് ട്രെയിൻ എത്തിപ്പോയെന്നാണു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എംപിയുമെല്ലാം ഒന്നടങ്കം പറയുന്നത്. കിട്ടിയാൽ വിരോധമില്ലെന്ന നിലപാടിലാണു മന്ത്രി കെ.എൻ.ബാലഗോപാൽ. എന്നാൽ വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈൻ പദ്ധതിക്കു ബദലാകില്ലെന്നു മെട്രോമാൻ ഇ.ശ്രീധരൻ പറയുന്നു. സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പിൽ മാറ്റമില്ലെങ്കിലും വന്ദേഭാരത് ട്രെയിനുകൾ സിൽവർലൈനിനു പകരമാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

കേരളത്തിൽ ഇപ്പോഴുള്ള പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്നതാണു കാരണം. പാതകളിലെ തുടർച്ചയായ കടുത്ത വളവുകളാണു ഇതിനു തടസം. ഇവ നിവർത്തുക എളുപ്പമല്ല. വളരെ സാമ്പത്തിക ചെലവേറിയ ജോലിയാണ്. അതിനായി ട്രെയിൻ ഗതാഗതം നിർത്തി വയ്ക്കേണ്ടി വരും. തിരക്കേറിയ റൂട്ടുകളായതിനാൽ ട്രെയിൻ സർവീസ് നിർത്തി വയ്ക്കൽ പ്രായോഗികമല്ല. കേരളത്തിൽ ഇപ്പോൾ കാണുന്ന പല ബ്രോ‍ഡ്ഗേജ് പാതകളും പഴയ മീറ്റർഗേജ് പാതകൾ അലൈൻമെന്റിൽ കാര്യമായ മാറ്റം വരുത്താതെ ബ്രോഡ്ഗേജാക്കിയവയാണ്. മീറ്റർ ഗേജ് പാതയിലെ കടുത്ത വളവുകൾ അതേ പോലെ തന്നെ ഈ പാതകളിലുണ്ട്. തിരുവനന്തപുരം–കൊല്ലം, കൊല്ലം–എറണാകുളം, എറണാകുളം–ഷൊർണൂർ പാതകളിലാണു ഈ പ്രശ്നമുള്ളത്.എറണാകുളം–ഷൊർണൂർ പാതയിൽ വളവുകൾ കൂടുതലാണ്.

മംഗളൂരു–ഷൊർണൂർ പാതയിൽ വളവുകൾ കുറവാണെങ്കിലും അവിടെ വേഗം കൂട്ടണമെങ്കിൽ ഏറെ പണികൾ ചെയ്യണം. 160 കിലോമീറ്റർ വേഗത്തിൽ ട്രെയിനോടിക്കണമെങ്കിൽ പുതിയ അലൈൻമെന്റിൽ തൂണുകളിലോ ഭൂമിക്കടിയിലൂടെയോ പുതിയ മൂന്നാം പാത നിർമിക്കണമെന്നും ഇ.ശ്രീധരൻ പറയുന്നു. താഴെ കൂടി ഇനിയൊരു പാത നിർമാണം കേരളത്തിൽ സാധ്യമല്ല. ശബരി റെയിൽ പദ്ധതിക്കും ഗുരുവായൂർ–തിരുനാവായ പദ്ധതിക്കും ഉണ്ടായ തടസ്സങ്ങൾ നമ്മൾ കണ്ടതാണ്.ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി പദ്ധതികൾ നടപ്പാക്കുക കേരളത്തിൽ പ്രായോഗികമല്ല. സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വേഗം കൂടിയ ലോക്കോമോട്ടീവുകളും കോച്ചുകളും ഇന്ത്യൻ റെയിൽവേയിൽ നേരത്തെ തന്നെയുണ്ടെങ്കിലും അവ ഓടിക്കാനാവശ്യമായ ട്രാക്കില്ലെന്നതാണു രാജ്യം നേരിടുന്ന വെല്ലുവിളി. ഇപ്പോൾ കേരളത്തിൽ സർവീസ് നടത്തുന്ന പല ട്രെയിനുകളിലേയും എൽഎച്ച്ബി കോച്ചുകൾ 130, 160 വേഗം സാധ്യമായവയാണ്. എന്നാൽ കേരളത്തിൽ ഇവ 80,100 വേഗത്തിലും കേരളത്തിനു പുറത്തു 110, 120 വേഗത്തിലുമാണു സഞ്ചരിക്കുന്നത്. ഇത്തരത്തിൽ വന്ദേഭാരത് ട്രെയിനും ഇവിടെ ഓടിക്കാൻ കഴിയും. രാജ്യത്ത് ഇപ്പോൾ 2 വന്ദേഭാരത് ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ഡൽഹി–കത്ര, ഡൽഹി–വാരണാസി റൂട്ടുകളിലാണ് ഇവ ഓടുന്നത്. 180 കിലോമീറ്റർ വേഗം പരീക്ഷണ ഓട്ടങ്ങളിൽ വന്ദേഭാരത് കൈവരിച്ചിട്ടുണ്ടെങ്കിലും 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാണു സാങ്കേതിക അനുമതി നൽകിയിരിക്കുന്നത്. ട്രാക്ക് പരിമിതികൾ മൂലം 130 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയാണു ഇപ്പോൾ സർവീസ് നടത്തുന്നത്. രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ ശരാശരി വേഗം മണിക്കൂറിൽ 94 കിലോമീറ്ററാണ്.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നോ രണ്ടോ വന്ദേഭാരത് ട്രെയിനുകൾ ലഭ്യമായ പരമാവധി വേഗത്തിൽ ഓടിക്കാൻ കഴിയുമെന്നാണു കരുതുന്നത്. കാരണം പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസുകളും സൂപ്പർഫാസ്റ്റുകളും ഗുഡ്സ് ട്രെയിനുകളും ചേർന്നു അവിയൽ പരുവത്തിലുള്ള സംവിധാനത്തിലാണു ഇവിടെ വന്ദേഭാരത് ഓടിക്കേണ്ടത്. മിക്സ്ഡ് ട്രാഫിക്കിൽ ഹൈസ്പീഡ് ട്രെയിനോടിക്കൽ എളുപ്പമല്ല. മുന്നിൽ 30 കിലോമീറ്റർ വേഗത്തിൽ പോകുന്ന പാസഞ്ചറും അതിനു പിന്നിൽ 45ൽ പോകുന്ന എക്സ്പ്രസുമുണ്ടെങ്കിൽ അവ പിടിച്ചിട്ടു വേണം വന്ദേഭാരത് കടത്തി വിടാൻ. കൂടാതെ നമ്മുടെ പാതകളിലെ വേഗ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പരിമിതികൾ കണക്കിലെടുക്കുമ്പോൾ രാജധാനിയുടെ വേഗത്തിലെങ്കിലും വന്ദേഭാരത് ഓടിക്കണമെങ്കിൽ ഏതാനും ട്രെയിനുകളുടെ ഓട്ടത്തെ തടസ്സപ്പെടുത്തേണ്ടി വരും.

നാമമാത്രമായ വന്ദേഭാരത് ട്രെയിനുകൾക്കാണു അതു കൊണ്ടു തന്നെ കേരളത്തിൽ സാധ്യത. ആദ്യം പുറത്തിറക്കുന്ന 100 വന്ദേഭാരത് ട്രെയിനുകളും എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനുകളാണ്. ശതാബ്ദി ശുപാർശ ചെയ്തിരിക്കുന്ന മംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ കഴിയും. ഇവിടെ 110 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരതിന് ഓടാൻ കഴിയും. തിരുവനന്തപുരം–കണ്ണൂർ, എറണാകുളം–ബെംഗളൂരു, ചെന്നൈ–ഹൈദരാബാദ്, ചെന്നൈ–ബെംഗളൂരു റൂട്ടുകളാണു ദക്ഷിണ റെയിൽവേയിൽ വന്ദേഭാരത് സാധ്യതയുള്ള മറ്റു റൂട്ടുകൾ. വന്ദേഭാരത് സ്ലീപ്പർ വേർഷൻ വരുന്ന ഘട്ടത്തിൽ രാജധാനി, ഹംസഫർ സർവീസുകൾക്കും വന്ദേഭാരത് ഉപയോഗിക്കാൻ കഴിയും.

സിൽവർലൈനിൽ ഇരുദിശയിലും 37 സെമി ഹൈസ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുമെന്നാണു രേഖകളിലുള്ളത്. അങ്ങനെയെങ്കിൽ വിരലിലെണ്ണാവുന്ന വന്ദേഭാരത് ട്രെയിനുകളെ അത്തരമൊരു പദ്ധതിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. 3 വർഷം കൊണ്ടു 400 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാൻ കഴിയുമോയെന്നതും ചോദ്യ ചിഹ്നമാണ്. പുതിയ ഡിസൈനിലുള്ള 2 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണമാണു ഇപ്പോൾ നടക്കുന്നത്. ആദ്യ 75 ട്രെയിനുകളുടെ കൂട്ടത്തിലുള്ളതാണിവ. കോച്ച് ഫാക്ടറികളിലെ ഉൽപാദനം 2 മടങ്ങ് വർധിപ്പിച്ചാൽ മാത്രമേ ഒരേ സമയം എൽഎച്ച്ബി കോച്ചുകളും വന്ദേഭാരത് ട്രെയിനുകളുടെ നിർമാണവും വേഗത്തിലാക്കാൻ കഴിയൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker