മരിച്ചാലും നീതി ലഭിക്കാതെ തിരികെ പോകില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
തിരുവനന്തപുരം: വാളയാര്‍ കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന് ഐഎഎസ് നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. വാളയാര്‍ സംഭവം യുപിയിലെ സംഭവുമായി ചേര്‍ത്ത് വായിക്കേണ്ടതാണെന്ന് സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം.
മൂന്ന് വര്‍ഷം മുമ്പാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരില്‍ കുറ്റം തെളിയിക്കാന്‍ ണ്‍പാലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരില്‍ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരവുമായി മാതാപിതാക്കള്‍ തലസ്ഥാനത്തെത്തിയത്. മാതാപിതാക്കളുടെ കണ്ണീര്‍ കേരളത്തിന്റെ കണ്ണീരാണെന്നും, യോഗി ആദിത്യനാഥും പിണറായിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നുമായിരുന്നു സമരപ്പന്തലില്‍ എത്തിയ രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നീതി തേടി തെരുവില്‍ ഇരിക്കേണ്ട അവസ്ഥയാണിപ്പോഴെന്നും മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി എം.ജി സോജന് സ്ഥാനക്കയറ്റം നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.