‘അവളെ ഞാന്‍ കൊന്നു, അവള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടാണ്’ ഉഴവൂരിലെ അരുംകൊലയ്ക്ക് ശേഷം അമ്മയുടെ വാക്കുകള്‍
കോട്ടയം: ‘അവളെ ഞാന്‍ കൊന്നു, അവള്‍ക്ക് ഈ ലോകം ബുദ്ധിമുട്ടാണ്’. ഉഴവൂരില്‍ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയുടെ വാക്കുകളാണിത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഏഴാംക്ലാസുകാരന്‍ സ്വരൂപ് അനുജത്തിയെ തിരക്കിയെങ്കിലും മുറിക്കുള്ളില്‍ കയറ്റാന്‍ അമ്മ കൂട്ടാക്കിയില്ല. ഇതില്‍ സംശയം തോന്നിയ സ്വരൂപ് വിവരം വാടകവീടിന്റെ ഉടമയെ അറിയിച്ചു. വാടകവീടിന്റെ ഉടമ പഞ്ചായ്തത് വൈസ് പ്രസിഡന്റ് സുരേഷിനേയും കൂട്ടിയാണ് വീട്ടിലെത്തിയത്. വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോള്‍ കുട്ടിയെ കൊന്നുവെന്ന മറുപടിയാണ് അമ്മ ഇവര്‍ക്ക് നല്‍കിയത്. മുറിക്കുള്ളില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ കിടന്ന കുട്ടിയെ അതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ ഉഴവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കരുനെച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാനാത്തില്‍ എം.ജി കൊച്ചുരാമന്‍ (കുഞ്ഞപ്പന്‍)-സാലി ദമ്പതികളുടെ മകള്‍ സൂര്യ രാമനെ(11)യാണ് അമ്മ കൊലപ്പെടുത്തിയത്. അരീക്കര എസ്എന്‍ യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട സൂര്യ. സൂര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസ് കസ്റ്റഡിയിലെടുത്ത സാലി (43) കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ഇവര്‍ക്ക് മാനിസാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്ത് വന്നത്.
ഉഴവൂരില്‍ വര്‍ഷങ്ങളായി വാടകയ്ക്ക് താമസിക്കുകയാണ് കുഞ്ഞപ്പനും സാലിയും മക്കളും. റബര്‍ ടാപ്പിംഗ് നടത്തുന്ന കുഞ്ഞപ്പന്‍ സെക്യൂരിറ്റി ജോലിക്കും പോകാറുണ്ട്. കഴിഞ്ഞദിവസങ്ങളായി ഈരാറ്റുപേട്ടയില്‍ സെക്യൂരിറ്റി ജോലിയിലായിരുന്നു. ഇന്നലെ പകല്‍ സൂര്യയും അമ്മ സാലിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആ സമയത്താണ് കൊടുംക്രൂരത അരങ്ങേറിയത്.