EntertainmentFeaturedHome-bannerKeralaNews

ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ; ചരിത്രമെഴുതി ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

പാരീസ്: 77-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ ചരിത്രമെഴുതി പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. മേളയില്‍ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ചിത്രം, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. അതേസമയം മികച്ച സിനിമയ്ക്കുള്ള പാം ദോര്‍ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒടുവില്‍ നിരാശയായി.

ബാര്‍ബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂണ്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മുംബൈയില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു മനോഹരയാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.

23-ാം തീയതി ഗ്രാന്‍ഡ് ലൂമിയര്‍ തിയേറ്ററില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് മിനുറ്റുകളോളം കയ്യടിച്ചാണ് സിനിമാപ്രവര്‍ത്തകരെ ആദരിച്ചത്. തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കള്‍ ആണെന്നും, അഭിനേതാക്കള്‍ എന്നതിലുപരി ഇതിലെ താരങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ ഒരു കുടുംബമാണെന്നും ആ സ്‌നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായല്‍ കപാഡിയ പ്രദര്‍ശനത്തിന് ശേഷം പറഞ്ഞു.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന് ഗംഭീര പ്രതികരണവും നിലക്കാത്ത കൈയടിയും നല്‍കിയ വേദിയിലെ ഓരോരുത്തര്‍ക്കും പായല്‍ കപാഡിയ നന്ദി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ നിരൂപണങ്ങള്‍ ഓരോന്നും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിനനെ വാനോളം പ്രശംസിക്കുന്നതായിരുന്നു.

ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി ചിത്രത്തിലെ സംവിധായക പായല്‍ കപാഡിയ, ചിത്രത്തിലെ പ്രധാന താരങ്ങളായ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂണ്‍, ഛായാ ഖദം എന്നിവരോടൊപ്പം രണബീര്‍ ദാസ്, ജൂലിയന്‍ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവര്‍ റെഡ് കാര്‍പ്പറ്റില്‍ ചുവടുവച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളെ ആവേശത്തോടെയാണ് കാന്‍ ഫെസ്റ്റിവലില്‍ സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button