24.7 C
Kottayam
Friday, May 17, 2024

ഉത്രയുടെ 15 പവന്‍ സ്വര്‍ണം വിറ്റത് കള്ളുകുടിക്കാനും ധൂര്‍ത്തിനും; സൂരജിന്റെ വെളിപ്പെടുത്തല്‍

Must read

കൊല്ലം: ഉത്രയുടെ സ്വര്‍ണത്തില്‍ നിന്നു 15 പവന്‍ വിറ്റത് സ്വന്തം ആവശ്യങ്ങള്‍ക്കായാണെന്ന് ഭര്‍ത്താവ് സൂരജിന്റെ മൊഴി. സ്വര്‍ണം വിട്ടു കിട്ടിയ തുക മദ്യപാനത്തിനും ധൂര്‍ത്തിനുമായി ചെലവിട്ടെന്നും മൊഴിയില്‍ പറയുന്നു. പല തവണയായി അടൂരിലെ ജ്വല്ലറിയിലാണു സ്വര്‍ണം വിറ്റത്. ജ്വല്ലറിയില്‍ തെളിവെടുപ്പു നടത്തിയ ക്രൈംബ്രാഞ്ച് സംഘം സംഭവം സ്ഥിരീകരിച്ചു.

സൂരജ് കേസില്‍ പിടിയിലാകുമെന്നു സൂചന ലഭിച്ചപ്പോള്‍ സ്വര്‍ണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ സൂക്ഷിക്കാന്‍ തയാറാകാതെ പിറ്റേന്നുതന്നെ അവര്‍ തിരികെ ഏല്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണു വീട്ടുപരിസരത്തെ റബര്‍ തോട്ടത്തില്‍ കവറുകളിലാക്കി സ്വര്‍ണം കുഴിച്ചിട്ടത്. 38.5 പവന്‍ സ്വര്‍ണമാണ് ഇവിടെ നിന്നും സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്റെ മൊഴി അനുസരിച്ചു പോലീസ് കണ്ടെടുത്തത്.

അതേസമയം സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. രണ്ടു ദിവസങ്ങളിലായി ക്രൈംബ്രാഞ്ച് സംഘം പതിനേഴു മണക്കൂറില്‍ കൂടുതലാണ് ഇവരെ ചോദ്യം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും ഇവരെ ചോദ്യം ചെയ്യുക. അതേസമയം, കേസില്‍ സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷമാണ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതിനായി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ഇതില്‍ സൂരജിന്റെ സഹോദരി സൂര്യയുടെ ആണ്‍ സുഹൃത്തും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഇയാളെയും വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. നേരത്തെ കേസിലെ മുഖ്യപ്രതി സൂരജിനെ സൂര്യയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കേസില്‍ ഇവരെ പ്രതിയാക്കണമോ എന്ന് അന്വേഷണസംഘം തീരുമാനിക്കുക.

നേരത്തെ, തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്തത്. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും തങ്ങള്‍ക്ക ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week