ലോക്ക് ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചു; സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍

ചെന്നൈ: തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ കൊടുങ്ങയ്യൂര്‍ മുത്തമിയ നഗറില്‍ താമസിക്കുന്ന ശ്രീധര്‍(50), ജയകല്യാണി(46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഇവര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ രണ്ടു മുറികളിലായി ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഷൂട്ടിംഗുകള്‍ പുന:രാരംഭിച്ചെങ്കിലും സീരിയലുകളില്‍ അഭിനയിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ ഇവര്‍ക്ക് അവസരം ഒന്നും തന്നെ ലഭിച്ചിരുന്നില്ല എന്നാണ് അറിയുന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി സ്റ്റാന്‍ലി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുങ്ങയ്യൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News