KeralaNews

പ്രതിമാസം 500 രൂപയടച്ച് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം: മുടങ്ങാതെ അടയ്ക്കുന്നവർക്ക് രണ്ടു തവണ കെഎസ്എഫ്ഇ അടയ്ക്കും

തിരുവനന്തപുരം:കുട്ടികൾക്ക് പഠനാവശ്യത്തിന് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് ലാപ്‌ടോപ്പ് മൈക്രോ ചിട്ടി തുടങ്ങുന്നു. പഠനാവശ്യത്തിനുള്ള 15,000 രൂപയിൽത്താഴെ വിലയുള്ള ലാപ്‌ടോപ്പാണ് കിട്ടുക. സ്വന്തമായി ലാപ്‌ടോപ്പ് ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ചിട്ടിയിൽ ചേരാം.

കുടുംബശ്രീക്കുവേണ്ടി കെഎസ്എഫ്ഇ നടത്തുന്ന ചിട്ടിയുടെ സല 15,000 രൂപയാണ്. 500 രൂപവീതം 30 മാസം അടയ്ക്കണം. മുടങ്ങാതെ തവണകൾ അടയ്ക്കുന്നവർക്ക് ഓരോ പത്തുതവണ കഴിയുമ്പോഴും അടുത്തമാസത്തെ തവണ കെഎസ്എഫ്ഇ നൽകും. ഇങ്ങനെ 1500 രൂപ കെഎസ്എഫ്ഇ തന്നെ അടയ്ക്കും.

പദ്ധതി വഴി മൂന്നുമാസത്തിനകം രണ്ടുലക്ഷം ലാപ്‌ടോപ്പുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എല്ലാകുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ അയൽക്കൂട്ടപഠനകേന്ദ്രങ്ങൾ തുടങ്ങുന്നുണ്ട്. ഇതിനുപുറമേയാണ് ലാപ്ടോപ്പ് വാങ്ങാൻ ചിട്ടിയും നടത്തുന്നത്. ലാപ്‌ടോപ്പ് ചിട്ടിക്കുള്ള വിവിധ വകുപ്പുകളുടെ ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും.

ലാപ്‌ടോപ്പ് വേണ്ടവർക്ക് മൂന്നാംമാസത്തിൽ അതിനുള്ള പണം കെഎസ്എഫ്ഇ നൽകും. ഐ ടി വകുപ്പ് താത്പര്യപത്രം ക്ഷണിച്ച് ലാപ്‌ടോപ്പ് വിതരണക്കാരെ നിശ്ചയിക്കും. കുടുംബശ്രീവഴിയാണ് നൽകുക. ലാപ്‌ടോപ്പിന്റെ വിലകിഴിച്ച് മിച്ചംവരുന്ന പണം വട്ടമെത്തുമ്പോൾ തിരികെ നൽകും. കുടുംബശ്രീ യൂണിറ്റിന് ഓരോ മാസത്തെയും ചിട്ടിയടവിന്റെ രണ്ടുശതമാനം കമ്മിഷനായി ലഭിക്കുമെന്നുള്ളതും പ്രത്യേകതയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker