NationalNews

ബി.ജെ.പി സഖ്യം,ജെഡിഎസിന് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജിക്ക് നേതാക്കള്‍

ബെംഗളൂരു: ബിജെപിയുമായി സഖ്യം ചേര്‍ന്ന പിന്നാലെ ജെഡിഎസില്‍ കൂട്ടരാജി പ്രഖ്യാപനം. കര്‍ണാടകയിലെ ജെഡിഎസില്‍ പ്രമുഖ നേതാക്കള്‍ രാജി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് സിഎന്‍ ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വാര്‍ത്ത. ദേവഗൗഡ കുടുംബത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ പ്രത്യേക യോഗം ചേര്‍ന്നു.

കര്‍ണാടകയിലെയോ കേരളത്തിലേയോ നേതാക്കളുമായി ആലോചിക്കാതെയാണ് ദേവഗൗഡ കുടുംബം ബിജെപി സഖ്യത്തിന് തീരുമാനിച്ചത് എന്നാണ് വിവരം. ഡല്‍ഹിയില്‍ കുമാരസ്വാമിയും മകന്‍ നിഖിലും അമിത് ഷാക്കൊപ്പമുള്ള ചിത്രം പുറത്തുവന്നപ്പോഴാണ് പല നേതാക്കളും കാര്യം അറിയുന്നത്. അതോടെ ഒട്ടേറെ നേതാക്കള്‍ രാജി പ്രഖ്യാപിച്ചു.

മതേതര പാര്‍ട്ടിയായ ജെഡിഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ഒരിക്കലും അംഗീകരിക്കില്ലെന്ന് രാജി പ്രഖ്യാപിച്ച് മുന്‍ മന്ത്രി എംഎന്‍ നബി പറഞ്ഞു. ജെഡിഎസിലെ മുസ്ലിം നേതാക്കളാണ് രാജി പ്രഖ്യാപിച്ചവരില്‍ കൂടുതല്‍. ബെംഗളൂരുവില്‍ ഞായറാഴ്ച എംഎന്‍ നബിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഗൗഡ കുടുംബത്തിന്റെ തീരുമാനത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജെഡിഎസ് കര്‍ണാടക വൈസ് പ്രസിഡന്റായ ഷഫീഉല്ല ബേഗ് രാജി പ്രഖ്യാപിച്ചു. ഇദ്ദേഹം ഞായറാഴ്ച വിമത യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ നേതാക്കള്‍ മാത്രമല്ല രാജിവച്ചതെന്ന് ബേഗ് പറഞ്ഞു. ശിവമോഗ ജില്ലാ പ്രലിഡന്റ് എം ശ്രീകാന്ത്, ഗുര്‍മിത്കല്‍ എംഎല്‍എ ശരണ്‍ഗൗഡ കണ്ടകുര്‍, നെമിരാജ് നായക് എംഎല്‍എ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിയുമായി സഖ്യം ചേരാനുള്ള കാരണം ദേവഗൗഡ ഉടന്‍ മറ്റു നേതാക്കളെയും പ്രവര്‍ത്തകരെയും ബോധിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ജെഡിഎസുമായി സഖ്യം ചേരുന്നതില്‍ ബിജെപിയിലും അതൃപ്തിയുണ്ട്. തുംകൂര്‍ എംപി ജിഎസ് ബസവരാജ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. 2019ല്‍ ദേവഗൗഡയെ പരാജയപ്പെടുത്തിയാണ് ബസവരാജ് ജയിച്ചത്. ഈ മണ്ഡലം ജെഡിഎസ് ചോദിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്.

കുമാരകൃപ ഗസ്റ്റ് ഹൗസില്‍ ജെഡിഎസ് നേതാക്കള്‍ യോഗം ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു എന്നാണ് വിവരം. ജെഡിഎസ് വൈസ് പ്രസിഡന്റ് സയ്യിദ് ഷഫീഉല്ല, ഡല്‍ഹി പ്രതിനിധി മുഹിദ് അല്‍ത്താഫ്, യുവജന വിഭാഗം പ്രസിഡന്റ് എന്‍എം നൂര്‍, ന്യുനപക്ഷ വിഭാഗം അധ്യക്ഷന്‍ നാസിര്‍ ഹുസൈന്‍ ഉസ്താദ് എന്നിവര്‍ രാജി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ എന്നായിരുന്നു കര്‍ണാടകയിലെ ജെഡിഎസ് നേതാക്കള്‍ ഇതുവരെ ഉയര്‍ത്തിയ മുദ്രാവാക്യം. ഒട്ടേറെ മുസ്ലിങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിന് സാധിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് മുസ്ലിങ്ങള്‍ കോണ്‍ഗ്രസുമായി അടുക്കുന്നതാണ് കര്‍ണാടകയിലെ കാഴ്ച. 2018ലെ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി.

തുടര്‍ന്ന് സിഎം ഇബ്രാഹീമിനെ ജെഡിഎസ് സംസ്ഥാന അധ്യക്ഷനാക്കിയെങ്കിലും ഫലമുണ്ടായില്ല. 2023ലെ തിരഞ്ഞെടുപ്പിലും മുസ്ലിം വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ജെഡിഎസ് തകരുകയും ചെയ്തു. ഇതോടെയാണ് ജെഡിഎസ് നേതൃത്വം ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ തീരുമാനം അംഗീകരിക്കില്ല എന്നാണ് കേരളത്തിലെ ജെഡിഎസ് നേതാക്കളും പ്രതികരിച്ചത്. അടുത്ത മാസം ഏഴിന് കേരള ഘടകം പ്രത്യേക യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker