KeralaNews

‘കൈവെട്ട് പ്രയോഗം പ്രതിരോധത്തിന്റെ ഭാഗം, സമസ്‌ത തള്ളിപ്പറയില്ല’; പിന്തുണച്ച് ഉമർ ഫൈസി മുക്കം

കോഴിക്കോട്: എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രയോഗത്തിൽ പിന്തുണയുമായി സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഈ പ്രസ്‌താവനയെ തീവ്രവാദമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ഉമർ ഫൈസി മുക്കം പറഞ്ഞത്. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതി. പ്രഭാഷകർ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രയോഗത്തിന്റെ പേരിൽ സത്താർ പന്തല്ലൂരിനെ സമസ്‌ത തള്ളിപ്പറയില്ല. സത്താർ പന്തല്ലൂർ എൻഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും ഉമർ ഫൈസി മുക്കം തന്റെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

അതിനിടെ, സത്താർ പന്തല്ലൂരിനെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അഷ്റഫ് കളത്തിങ്ങൽപാറ അറിയിച്ചിരുന്നു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ഇതിനെതിരെ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങൽ നൽകിയ പരാതിയിലാണ് സത്താർ പന്തല്ലൂരിനെതിരെ പോലീസ് കേസെടുത്തത്.

നേരത്തെ ഹിന്ദു ഐക്യ വേദിയും വിവാദ പരാമർശം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനുവാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രസംഗം ഭരണഘടനാ വിരുദ്ധവും, കലാപാഹ്വാനവും ആണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

അതേസമയം, മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. ഇത് വലിയ വിവാദമാവുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ സമസ്‌ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി തന്നെ പരാമർശത്തിന് എതിരെ രം​ഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്‌തയുടെ ശൈലിയല്ലെന്നായിരുന്നു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌തീൻ ഫൈസി പുത്തനഴി വ്യക്തമാക്കിയത്. ഇത്തരം പരാമർശങ്ങൾ സമസ്‌തയുടെ നേതാക്കൾ പറയാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം പരാമർശങ്ങൾ സമസ്‌തയുടെ നേതാക്കൾ പറയാറില്ലെന്നും തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്‌തയെന്നും മൊയ്‌തീൻ ഫൈസി പുത്തനഴി പറഞ്ഞിരുന്നു. എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്‌തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker