24.4 C
Kottayam
Sunday, May 19, 2024

ജയിലില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് അത്താഴം തരും! ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ശുചിമുറിയാണെന്ന് റിയ ചക്രവർത്തി

Must read

മുംബൈ:ബോളിവുഡിന്റെ പ്രിയനടനായിരുന്ന സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നടന്‍ ആത്മഹത്യ ചെയ്തതാണെന്നും അല്ലെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്ന് വന്നു. ആ സമയത്ത് സുശാന്തിന്റെ കാമുകിയായിരുന്ന നടിയും മോഡലുമായ റിയ ചക്രവര്‍ത്തിയ്‌ക്കെതിരെയും ഗുരുതര ആരോപണം ഉയര്‍ന്നിരുന്നു.

പിന്നാലെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസില്‍ റിയയ്ക്ക് ജയിലില്‍ പോവേണ്ട അവസ്ഥയും ഉണ്ടായി. ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരുന്നു റിയ പുറത്തിറങ്ങുന്നത്. ഇപ്പോള്‍ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച നടി തന്റെ ജയില്‍ ജീവിതത്തെ പറ്റി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ജയിലിലെ രീതികളെ പറ്റിയും അവിടെ നിന്നുമുണ്ടായ ദുരനുഭവങ്ങളുമാണ് ചേതന്‍ ഭഗത്തിന്റെ ചാറ്റ് ഷോ യിലൂടെ റിയ പങ്കുവെച്ചിരിക്കുന്നത്. ‘കൊവിഡ് സമയത്തായിരുന്നു താന്‍ ജയിലിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ പതിനാല് ദിവസം ഒറ്റയ്ക്കായിരുന്നു. ഏകാന്ത തടവായിരുന്നു. വിശപ്പും ക്ഷീണവും കാരണം കഴിക്കാന്‍ തന്നതൊക്കെ ഞാന്‍ അപ്പോള്‍ കഴിച്ചു. റൊട്ടിയും കാപ്‌സിക്കവുമായിരുന്നു ജയിലിലെ ഭക്ഷണം.

രാവിലെ ആറ് മണിക്ക് പ്രഭാത ഭക്ഷണം തരും. പതിനൊന്ന് മണിയോടെ ഉച്ചഭക്ഷണവും ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്താഴവും ലഭിക്കും. ഇപ്പോഴും ഇന്ത്യയിലെ ജയിലുകളില്‍ ബ്രിട്ടീഷ് രീതിയാണ് പിന്തുടരുന്നതെന്ന് നടി പറയുന്നു.

രാവിലെ ആറ് മണിക്ക് സെല്ല് തുറന്നാല്‍ വൈകിട്ട് അഞ്ച് മണിയോടെ അകത്ത് കയറ്റും. ഇതിനിടയ്ക്ക് കുളിക്കാനും ലൈബ്രറിയില്‍ പോകാനുമൊക്കെ സമയമുണ്ട്. മിക്കവരും ഉച്ചയ്ക്ക് കിട്ടുന്ന അത്താഴം എടുത്ത് വെച്ചിട്ട് രാത്രിയിലാണ് കഴിക്കുക. ഞാന്‍ പക്ഷേ ദിനചര്യകളെല്ലാം മാറ്റി. രാവിലെ നാല് മണിയ്ക്ക് എഴുന്നേല്‍ക്കുകയും ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്താഴം കഴിക്കുകയും ചെയ്തു.

ജയിലില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ശുചിമുറിയായിരുന്നു. അവിടെ ശുചിമുറി ഒരിക്കലും നല്ലതായിരുന്നില്ല. ബക്കറ്റുമായി അവിടെ നില്‍ക്കുമ്പോഴുള്ള മാനസിക പ്രശ്‌നം ശാരീരിക പ്രശ്‌നത്തേക്കാള്‍ വലുതായിരുന്നു. പിന്നെ ജയിലിലെ അന്തേവാസികളെ അടുത്തറിഞ്ഞപ്പോഴാണ് ഞാന്‍ എത്രത്തോളം ഭാഗ്യവതിയാണെന്ന് മനസ്സിലായത്. എന്റെ കൂടെയുണ്ടായിരുന്ന മിക്കവര്‍ക്കും കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല.

അല്ലെങ്കില്‍ ജാമ്യം ലഭിക്കാന്‍ അയ്യായിരമോ പതിനായിരമോ കൊടുക്കാനും അവരുടെ കയ്യില്‍ ഇല്ലായിരുന്നു. എന്നെ പിന്തുണയ്ക്കാന്‍ കുടുംബവും സുഹൃത്തുക്കളുമുണ്ടായിരുന്നു. എനിക്ക് നീതി കിട്ടുമെന്നും ജാമ്യം ലഭിക്കുമെന്നും ഞാന്‍ തെറ്റൊന്നും ചെയ്തില്ലെന്നും മനസില്‍ പറഞ്ഞ് കൊണ്ടേയിരുന്നു. അവിടെയുള്ള സ്ത്രീകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും റിയ വെളിപ്പെടുത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week