കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉപേക്ഷിച്ച രണ്ടു വയസുകാരന്‍ മരിച്ചു
റാഞ്ചി: കൊവിഡ് ബാധിച്ചു മരിച്ച രണ്ടു വയസുകാരന്റെ അന്ത്യ കര്‍മങ്ങള്‍ ചെയ്ത് ആശുപത്രിയിലെ വാര്‍ഡ് ബോയ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള റിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊവിഡ് ബാധിതനായ രണ്ടു വയസുകാരന്‍ മരിച്ചത്.
കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. മരണശേഷം ഇവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആശുപത്രിയിലെ വാര്‍ഡ് ബോയി അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
ബിഹാറിലെ ജാമുയി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ശ്വാസതടസത്തെ തുടര്‍ന്ന് മേയ് പത്തിനാണ് ഇവര്‍ കുട്ടിയുമായി ആശുപത്രിയില്‍ എത്തിയത്. പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കുട്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് കുട്ടി കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്.
കുട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നപ്പോഴെ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയെന്ന് അധികൃതര്‍ പറഞ്ഞു. മേയ് 11നാണ് കുട്ടി മരിക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ നല്‍കിയ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മൂന്ന് ദിവസം ആശുപത്രി അധികൃതര്‍ കാത്തിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ സംസ്‌കരിക്കുകയായിരുന്നു. ആശുപത്രിയിലെ വാര്‍ഡ് ബോയി രോഹിത് ബേഡിയ ആണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.