കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ മാറി നല്‍കി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. കോഴിക്കോട് കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് നല്‍കിയത്.

സുന്ദരന്റേതെന്ന് കരുതി ബന്ധുക്കള്‍ ഈ സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചിരുന്നു. സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് അബദ്ധം സംഭവിച്ചതായി അറിഞ്ഞത്. സംഭവത്തില്‍ പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് പറഞ്ഞു. സുന്ദരന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

സംസ്ഥാനത്ത് ഇന്നലെ 29,704 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News