KeralaNews

ട്രഷറിയിൽ പണമില്ല; അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ല, ആനുകൂല്യങ്ങൾ മുടങ്ങും

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറിനൽകില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.

ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വന്നാൽ പദ്ധതികൾ പലതും ഒഴിവാക്കേണ്ടിവരും.

സർക്കാരിന് പണം നൽകാനാവാത്ത സാഹചര്യത്തിൽ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി. ബാങ്കിൽനിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചുലക്ഷം രൂപവരെയേ കിട്ടൂ. തദ്ദേശസ്ഥാപനങ്ങളിലെ കരാറുകാർക്കും ഇത് ബാധകമാണ്. പണം പിന്നീട് സർക്കാർ ബാങ്കുകൾക്ക് നൽകണം. ഇതിന് പലിശ കരാറുകാർതന്നെ നൽകണം.

ബില്ലുകൾ മാറുന്നതിന് നേരത്തേ അഞ്ചുലക്ഷമായിരുന്നു പരിധി. ഈവർഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ വീണ്ടും പഴയ അവസ്ഥയിലേക്ക്‌ മടങ്ങിയിരിക്കുകയാണ് ട്രഷറി. ഡിസംബർവരെ ഇനി കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker