KeralaNews

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇരുപതോളം പേരുടെ മൊഴികൾ ഗൗരവമേറിയത്, പരിശോധിക്കാൻ അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സമ്പൂർണ വിവരങ്ങൾ പരിശോധിച്ചതിന് പിന്നാലെ കൂടുതൽ നിയമ നടപടികൾക്ക് സാധ്യത. കമ്മിറ്റിക്ക് മുൻപാകെ ലൈംഗിക ചൂഷണവും അതിക്രമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ വെളിപ്പെടുത്തിയ ഇരുപതോളം പേരുടെ മൊഴികൾ ഗൗരവ സ്വഭാവമുള്ളവയാണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് വിഷയം ചർച്ചയായത്.

മൊഴി നൽകിയവരെ നേരിട്ട് ബന്ധപ്പെടാനും ഇക്കാര്യത്തെ കുറിച്ച് ചോദിച്ചറിയാനുമാണ് തീരുമാനം. നിയമ നടപടി സ്വീകരിക്കാൻ താൽപര്യമുള്ള ആളുകളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ പുറത്തുവിട്ട ആദ്യഘട്ട റിപ്പോർട്ടിൽ നിന്ന് നിർണായകമായ മൊഴികൾ ഉൾപ്പെടെ നീക്കിയിരുന്നു.

സ്വകാര്യത ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. എന്നാൽ യഥാർത്ഥ റിപ്പോർട്ട് ഏകദേശം 3800ലധികം പേജുകൾ ഉള്ളതാണ്. അതിലെ ഗൗരവമേറിയ മൊഴികളാണ് ഇപ്പോൾ അന്വേഷണ സംഘം പരിഗണിക്കുന്നത്. പേരും മേൽവിലാസവും വെളിപ്പെടുത്താത്ത ആളുകളെ കണ്ടെത്താൻ ഹേമ കമ്മിറ്റി അംഗങ്ങളുടെ സഹായം തേടുന്നത് ഉൾപ്പെടെ പരിഗണയിലുണ്ട്.

ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈവശമുള്ള റിപ്പോർട്ടിൽ വിശദമായ മൊഴികളും അനുബന്ധങ്ങളും ഒക്കെ അടങ്ങിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങൾ ഉൾപ്പെടെ പഠിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ നീക്കം. മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനാണ് നിലവിലെ തീരുമാനം. ഇതിന് ശേഷമാവും ഗൗരവമേറിയ മൊഴികളിൽ കേസിനുള്ള സാധ്യത തേടുക.

മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് കടക്കുക. അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. മുൻനിര താരങ്ങൾ ഉൾപ്പെടെ ഈ ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായിരുന്നു.

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, എംഎൽഎ കൂടിയായ മുകേഷ്, ഇടവേള ബാബു, ബാബുരാജ്, മണിയൻപിള്ള രാജു തുടങ്ങിയവർക്ക് എതിരെയും സംവിധായകരായ വികെ പ്രകാശ്, രഞ്ജിത്ത് എന്നിവർക്ക് എതിരെയും നടത്തിയ വെളിപ്പെടുത്തലുകളിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിൽ പരാതിക്കാരുടെ ഉൾപ്പെടെ മൊഴിയെടുത്ത് കഴിഞ്ഞു.

രഞ്ജിത്ത് അടക്കമുള്ളവർക്ക് കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. റിപ്പോർട്ടിന്റെ പൂർണ രൂപത്തിൽ പറയുന്ന മൊഴികൾ അടിസ്ഥാനമാക്കി കേസെടുത്താൽ ആരൊക്കെയാവും ഇനി അടുത്ത ആരോപണ വിധേയർ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ അമ്മയിലെ മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെയാണ് ആരോപണങ്ങളിൽ പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker