‘മിന്നല്‍ മുരളിയെ ഇഷ്ടപ്പെട്ടതിൽ സന്തോഷം’; കേരള ഗവര്‍ണറെ സന്ദര്‍ശിച്ച് ടൊവിനോയും കുടുംബവും
തിരുവനന്തപുരം:ടൊവിനോ തോമസിന്റെ(Tovino Thomas) മിന്നൽ മുരളി(Minnal Murali) കേരളത്തില്‍ ചർച്ചാവിഷയം ആയി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഈ അവസരത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചിരിക്കുകയാണ് ടൊവിനോ തോമസും കുടുംബവും. ഗവര്‍ണറുടെ ഒപ്പമുള്ള ഭാര്യ ലിഡിയയുടെയും മക്കളായ ഇസയുടെയും തഹാന്റെയും ചിത്രങ്ങള്‍ ടൊവിനോ സമുഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
രാജ് ഭവനിലെത്തിയാണ് ടൊവിനോ ഗവര്‍ണറെ കണ്ടത്. ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്നും ടൊവിനോ പറഞ്ഞു. ‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്,’ എന്നും ടൊവിനോ കുറിക്കുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.